ചെന്നൈ: ഡിഎംകെ പ്രാസംഗികന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ രംഗത്ത് വന്ന പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ. കനിമൊഴിയെ അഭിനന്ദിച്ച് ബിജെപി നേതാവ് ഖുഷ്ബു.
സ്ത്രീകളുടെ അവകാശത്തിനായി എക്കാലവും നിലകൊള്ളുന്ന വ്യക്തിയെന്ന് കനിമൊഴിയെ വിശേഷിപ്പിച്ച ഖുഷ്ബു, സംഭവത്തിൽ മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഇടപെടണമെന്നും ഇത്തരം പ്രസ്താവനകൾ ആരും നടത്താതിരിക്കാൻ അദേഹം ശ്രദ്ധിക്കണമെന്നും പറഞ്ഞു.
വിവാദ പ്രസ്താവന നടത്തിയ സൈദായ് സാദിഖിന്റെ പൊള്ളയായ ഖേദപ്രകടനം അംഗീകരിക്കില്ലെന്നും സ്ത്രീകളെയും അവരുടെ കുടുംബത്തെയും ആക്ഷേപിക്കുന്ന നടപടിയാണ് ഇത്തരക്കാർ നടത്തുന്നതെന്നും ഖുഷ്ബു പറഞ്ഞു.
വ്യാഴാഴ്ച ഡിഎംകെ വേദിയിൽ വച്ചാണ് പ്രാദേശിക നേതാവായ സാദിഖ് ബിജെപിയുടെ താര മുഖങ്ങളായ നമിത, ഗൗതമി, ഗായത്രി രഘുറാം എന്നിവരെ സംബോധന ചെയ്യാൻ അധിക്ഷേപകരമായ വാക്ക് ഉപയോഗിച്ചത്. ബിജെപിക്ക് തമിഴ്നാട്ടിൽ വേരോട്ടമുണ്ടാക്കാൻ ചലച്ചിത്ര താരങ്ങളെ ഉപയോഗിക്കുന്നുവെന്നും സാദിഖ് പറഞ്ഞിരുന്നു.
പരാമർശങ്ങളുടെ വീഡിയോ പ്രചരിച്ചതോടെ ബിജെപി നേതാക്കൾ വ്യാപക പ്രതിഷേധമുയർത്തിയിരുന്നു. തുടർന്നാണ് കനിമൊഴി സാദിഖിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്.



