വാഷിംഗ്ടൺ ഡിസി: ലോകത്തെ ഏറ്റവും വലിയ മൈക്രോ ബ്ലോഗിംഗ് സമൂഹമാധ്യമമായ ട്വിറ്റർ ഏറ്റെടുത്ത ശതകോടീശ്വരൻ ഇലോൺ മസ്കിനെ പ്രശംസിച്ച് യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്വിറ്റർ ഇപ്പോൾ സുബോധമുള്ളവരുടെ കൈകളിലാണെന്നും നമ്മുടെ രാജ്യത്തെ വെറുക്കുന്ന തീവ്ര ഇടതുപക്ഷ ഭ്രാന്തൻമാർ ഇനി മുന്നിലേക്ക് വരില്ലെന്നും ട്രംപ് പറഞ്ഞു.
തന്‍റെ സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. മസ്കിനെ തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹത്തിന് ആശംസകൾ നേരുന്നുവെന്നും ട്രംപ് പറഞ്ഞു. അതേസമയം, ട്വിറ്ററിൽ വീണ്ടും എത്തുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
ചൊവ്വാഴ്ചയാണു ട്വിറ്റർ ഏറ്റെടുക്കലിൽ മസ്ക് അന്തിമതീരുമാനമെടുത്തത്. ഉള്ളക്കം എന്താണെന്നുള്ള അൽഗോരിതം പരസ്യമാക്കുക, വെറുപ്പിന്‍റെയും വിഭജനത്തിന്‍റെയും പ്ലാറ്റ്ഫോമാകാതെ ട്വിറ്ററിനെ കാത്തുസൂക്ഷിക്കുക എന്നിവയാണു ലക്ഷ്യമെന്നും മസ്ക് പ്രഖ്യാപിച്ചു. മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ ഓഹരിയുടമകൾക്കിടയിലുണ്ടായിരുന്ന അനിശ്ചിതത്വം നീങ്ങിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.



