നാര (ജപ്പാൻ): കർശനമായ തോക്ക് നിയമം നിലനിൽക്കുന്ന രാഷ്ട്രമാണ് ജപ്പാൻ. ഒരു തോക്ക് സ്വന്തമാക്കാൻ അത്രയേറെ വിഷമകരമായ കടമ്പകളും സർക്കാർ നിരീക്ഷണവും കടക്കണം. കൊലയാളിക്ക് എങ്ങിനെ തോക്ക് ലഭിച്ചു എന്ന അതിശയമാണ് മുഴുവൻ ജപ്പാൻകാരും പ്രകടിപ്പിക്കുന്നത്. കൈകൊണ്ട് നിർമ്മിച്ച നാടൻ തോക്കാണ് കൊലയാളി കൃത്യത്തിന് ഉപയോഗിച്ചതെന്ന് പറയുന്നു.

രണ്ട് തവണ വെടിവെക്കുന്ന ശബ്ദം കേട്ടതായി ദൃക്സാക്ഷികൾപറയുന്നു. രണ്ടാമത്ത വെടിയൊച്ച കേട്ടതും ഷിൻസൊ ആബെ നിലംപൊത്തി. പ്രചാരണത്തിൽ പ്രസംഗിക്കുകയായിരുന്ന മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബെയ്ക്ക് കഴുത്തിലും നെഞ്ചിലും വെടിയേറ്റു. ഒരു വെടിയുണ്ട ഹൃദയത്തോളം തുളഞ്ഞിറങ്ങിയതായി പറയുന്നു. വെടികൊണ്ടയുടൻ ഹൃദയസ്തംഭനം സംഭവിച്ചു. നെഞ്ചിൽ കൈകൊണ്ട് പൊത്തിയാണ് ഷിൻസൊ ആബെ വീണത്. കോട്ട് രക്തത്തിൽ കുളിച്ചു.

അംഗരക്ഷകർ കൊലയാളിയായ തെത്സുയ യമഗാമിയെ കീഴ് പ്പെടുത്തി. ഇരട്ടക്കുഴൽ തോക്കാണ് തെസൂയ യമഗാമി ഉപയോഗിച്ചത്. രണ്ടാമത്തെ വെടി പൊട്ടിയതും ഈ തോക്ക് രണ്ട് കഷണമായി റോഡിൽ തെറിച്ചുവീണതായും പറയുന്നു. 3ഡിയിൽ പ്രിന്റ് ചെയ്തെടുത്ത വസ്തുപോലെയാണ് തോക്ക് തോന്നിച്ചതെന്ന് പറയുന്നു.

41കാരനായ തെസൂയ യമഗാമിക്ക് മുൻ ജപ്പാൻ പ്രധാനമന്ത്രിയോട് അതൃപ്തിയുള്ളതായി മൊഴി നൽകിയതായി പറയുന്നു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ അറിവായിട്ടില്ല. ഇയാൾ ജപ്പാനിൽ മൂന്ന് വർഷം സൈനിക സേവനം നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

തോക്കുപയോഗിച്ചുള്ള കൊലപാതകം ജപ്പാനിൽ കുറവാണെന്നതുകൊണ്ട് ആബെയുടെ വധം ജപ്പാൻ സ്വദേശികളെ എല്ലാവരെയും ഞെട്ടിച്ചു. 2018ൽ ആകെ ഒമ്പത് തോക്ക് മരണമാണ് നടന്നത്. എന്നാൽ യുഎസിലാകട്ടെ 2018ൽ വെടിയേറ്റ് മരിച്ചത് 39740 പേരാണ്. കൈത്തോക്ക് അവിടെ അനുവദിക്കില്ല. ഷോട്ട് ഗണ്ണുകളും എയർ റൈഫിളുകളുമാണ് സാധാരണ അനുവദിക്കുന്നത്.

യുഎസിനെപ്പോലെ ഒരു തോക്ക് സംസ്കാരം ജപ്പാനിൽ ഇല്ലാത്തതാണ്. ഇത് അമ്പരപ്പിക്കുന്ന നിമിഷമാണ്. സാംസ്കാരികമായി ജപ്പാൻ കാർക്ക് ഇതിന്റെ ആഴം അളക്കാനാവില്ല.-ഇന്റർനാഷണൽ സെക്യൂരിറ്റി ഇൻഡസ്ട്രിയൽ കൗൺസിലിന്റെ ജപ്പാനീസ് ഡയറക്ടർ നാൻസി ഷോ പറയുന്നു.