തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണത്തെത്തുടര്‍ന്ന് എ.ഡി.ജി.പി: എം.ആര്‍. അജിത് കുമാറിനെ മാറ്റിയതോടെ ഒഴിവുവന്ന വിജിലന്‍സ് ഡയറക്ടറുടെ ഒഴിവില്‍ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായ മനോജ് ഏബ്രഹാമിനെ നിയമിച്ച് ഐ.പി.എസ്. തലത്തില്‍ അഴിച്ചുപണി. എം.ആര്‍. അജിത്കുമാറിനെ ആംഡ് പോലിസ് ബറ്റാലിയന്റെ അഡീഷണല്‍ ഡയറക്ടറാക്കി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയപ്പോള്‍ നിയമിച്ച പൗരസ്വാതന്ത്ര്യ സംരക്ഷണത്തിന്റെ ചുമതല അധികമായി വഹിക്കും. 

നിലവില്‍ ആംഡ് പോലീസ് ബറ്റാലിയന്റെ എ.ഡി.ജി.പിയായ കെ. പത്മകുമാറിനെ മനോജ് ഏബ്രഹാം വഹിച്ചിരുന്ന ഹെഡ്ക്വാട്ടേഴ്‌സ് എ.ഡി.ജി.പി. പദവിയിലേക്കു മാറ്റിനിയമിച്ചു. എ.ഡി.ജി.പി. യോഗേഷ് ഗുപ്തയെ കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എം.ഡിയായി നിയമിച്ചു. ഈ തസ്തികയെ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിക്കു തുല്യമാക്കുകയും ചെയ്തു. 

ഉത്തരമേഖല ഐ.ജിയായി അശോക് യാദവിനെ സുരക്ഷാവിഭാഗം ഐ.ജിയായും സുരക്ഷാ വിഭാഗം ഐ.ജിയായ തിരുമല വിക്രമിനെ ഉത്തരമേഖല ഐ.ജിയായും മാറ്റി നിയമിച്ചു. ബിവറേജസ് കോര്‍പ്പറേഷന്റെ എം.ഡിയായിരുന്ന എസ്. ശ്യാംസുന്ദറെ പോലീസ് വകുപ്പിലേക്കു മടക്കികൊണ്ടുവന്ന് ക്രൈം ഡി.ഐ.ജിയായി നിയമിച്ചു. കോഴിക്കോട് റൂറല്‍ എസ്.പിയായ ഡോ: എ. ശ്രീനിവാസിനെ സ്‌പെഷല്‍ ബ്രാഞ്ച്, സെക്യൂരിറ്റി എസ്.പിയായി മാറ്റി നിയമിച്ചു. എറണാകുളം റൂറല്‍ എസ്.പി: കെ. കാര്‍ത്തിക്കിനെ കോട്ടയം ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു.

കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന ഡി.ശില്‍പ്പയെ വനിതാ സെല്‍ സുപ്രണ്ടായി നിയമിച്ചു. വനിതാ ബറ്റാലിയന്റെ കമാന്‍ഡന്റിന്റെ അധികചുമതല കൂടി അവര്‍ വഹിക്കും. 
കെ.എ.പി. നാലാം ബറ്റാലിയന്‍ കമാന്‍ഡന്റായ വിവേക് കുമാറിനെ എറണാകുളം റൂറല്‍ എസ്.പിയായി നിയമിച്ചു. കൊല്ലം പോലീസ് കമ്മിഷണര്‍ ടി. നാരായണനെ പോലീസ് ആസ്ഥാനത്തെ എ.ഐ.ജിയായി മാറ്റി നിയമിച്ചു. പോലീസ് ആസ്ഥാനത്തെ എസ്.പി. മെറിന്‍ ജോസഫിനെ ടി. നാരായണന്റെ ഒഴിവില്‍ കൊല്ലം പോലീസ് മേധാവിയായി നിയമിച്ചു. 

ഇടുക്കി ജില്ലാ പോലീസ് മേധാവിയായ ആര്‍. കറുപ്പുസ്വാമിയെ കോഴിക്കോട് റൂറല്‍ പോലീസ് മേധാവിയായും കൊച്ചി ഡെപ്യൂട്ടി കമ്മിഷണറായ വി.യു. കുര്യാക്കോസിനെ ഇടുക്കി പോലീസ് മേധാവിയായും നിയമിച്ചു. വയനാട് ജില്ലാ പോലീസ് മേധാവിയായ അരവിന്ദ് സുകുമാരനെ കെ.എ.പി 4-ാം ബറ്റാലിയന്‍ കമാന്‍ഡന്റായി നിയമിച്ചു. 

പോലീസ് ആസ്ഥാനത്തെ എ.ഐ.ജിയായ ആര്‍. ആനന്ദിനെ വയനാട് പോലീസ് മേധാവിയായും തലശേരി എ.എസ്.പിയായ ടി.കെ. വിഷ്ണുപ്രസാദിനെ പേരാമ്പ്ര എ.എസ്.പിയായും നിയമിച്ചു. പാലാ എ.എസ്.പി: പി. നിഥിന്‍രാജിനെ തലശേരി പോലീസ് എ.എസ്.പിയായി മാറ്റിനിയമിച്ചു.