ശ്രീനഗര്‍: ജമ്മുകശ്മീരില്‍ അമര്‍നാഥ് ക്ഷേത്രത്തിനു സമീപമുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 15 മരണം. 40 ലധികം പേരെ കാണാതായി. നിരവധി പേര്‍ക്കു പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണു റിപ്പോര്‍ട്ട്. 
കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു ദുരന്തം. അമര്‍നാഥ് ഗുഹയ്ക്കു മുകളില്‍നിന്നാണ് ജലപ്രവാഹമുണ്ടായതെന്നു ഐ.ടി.ബി.പി. വൃത്തങ്ങള്‍ അറിയിച്ചു. 

മേഘവിസ്‌ഫോടനത്തിനു പിന്നാലെ തീര്‍ഥാടകര്‍ക്കായി സജ്ജീകരിച്ചിരുന്ന ടെന്റുകളും പൊതുഅടുക്കളയുമടക്കമുള്ള സൗകര്യങ്ങള്‍ ഒലിച്ചുപോയി. അമര്‍നാഥിലേക്കുള്ള വഴി പൂര്‍ണമായി തടസപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവര്‍ ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി ബന്ധപ്പെട്ടു. ഇക്കഴിഞ്ഞ 30 നാണ് ഈവര്‍ഷത്തെ അമര്‍നാഥ് തീര്‍ഥാടനം ആരംഭിച്ചത്. 
പ്രതികൂലമായ കാലാവസ്ഥ പരിഗണിച്ച് ഈ ആഴ്ച ആദ്യം തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഈ വര്‍ഷം ഇതിനകം 72,000 തീര്‍ഥാടകര്‍ ക്ഷേത്രം ദര്‍ശിച്ചു. കോവിഡ് മൂലം രണ്ടു വര്‍ഷമായി തീര്‍ഥാടനം തടസപ്പെട്ടിരിക്കുകയായിരുന്നു.