
പത്തനംതിട്ട/തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് നടത്തിയ ഭരണഘടനാ വിരുദ്ധ പരാമര്‍ശം മുന്‍ മന്ത്രി ആര്. ബാലകൃഷ്ണ പിള്ള 37 വര്‍ഷം മുമ്പ് നടത്തിയ “പഞ്ചാബ് മോഡല്‍” പ്രസംഗത്തെ കടത്തിവെട്ടുന്നതെന്നു വിമര്‍ശനം.
1985 മേയ് 25ന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന കേരളാ കോണ്‍ഗ്രസിന്റെ സമരപ്രഖ്യാപന സമ്മേളനത്തിലായിരുന്നു അന്നു വൈദ്യുതി മന്ത്രിയായിരുന്ന ആര്. ബാലകൃഷ്ണ പിള്ളയുടെ രാജിയിലേക്ക് നയിച്ച വിവാദ പ്രസംഗം. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ റെയില്‍വേ കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് കൊണ്ടുപോയതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസംഗം. പഞ്ചാബില്‍ വിഘടനവാദം കത്തിനില്‍ക്കുന്ന അന്ന്, പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇപ്രകാരം ചെയ്തതെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞു.
ഭൂട്ടാസിങ്ങിനുപോലും കടന്നുചെല്ലാന്‍ പറ്റാത്ത പഞ്ചാബാണ്. കേരളത്തിന് അര്‍ഹമായത് കിട്ടണമെങ്കില്‍ പഞ്ചാബില്‍ സംഭവിച്ചതെല്ലാം കേരളത്തിലും നടക്കണം. അതിന് ചോരയും നീരുമുള്ള യുവാക്കള്‍ രംഗത്തിറങ്ങണം”. പ്രസംഗത്തില്‍ പിള്ള പറഞ്ഞു.
പ്രസംഗം വിവാദമായതോടെ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് രാജി ആവശ്യപ്പെട്ടു. അന്ന് ഭരണമുന്നണിയില്‍ നിന്നുതന്നെയാണ് പിളളയ്ക്കെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നത്. കലാപാഹ്വാനം എന്ന വിശേഷണത്തോടെയാണു പ്രസംഗത്തെ കേരളം വിലയിരുത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ജി. കാര്ത്തികേയന്, ആര്. ബാലകൃഷ്ണ പിള്ളയുടെ രാജി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയിലെത്തി. തുടര്‍ന്ന് ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമായി.
പ്രസംഗം രാജ്യദ്രോഹകുറ്റമാണെന്നും രാജീവ് ഗാന്ധി അതൃപ്തനാണെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി കെ. കരുണാകരന്, പിള്ളയെ മന്ത്രി സ്ഥാനത്തുനിന്നു നീക്കുന്നത്. താന്‍ അങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് പിള്ള വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വ്യാപകമല്ലാതിരുന്ന കാലത്ത് തെളിവിന്റെ അഭാവം പോലും ആര്. ബാലകൃഷ്ണ പിള്ളയെ തുണച്ചില്ല. പഞ്ചാബ് മോഡല്‍ പ്രസംഗത്തിനു സമാനമാണു മന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗമെന്നു പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍നിന്ന് പുറത്താകുന്ന ആദ്യ മന്ത്രിയായി സജി. ആദ്യ പിണറായി സര്‍ക്കരില്‍നിന്ന് ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിയും മാത്യു ടി തോമസും വിവധകാരണങ്ങളാല്‍ രാജിവച്ചിരുന്നു.
മന്ത്രിയുടെ മല്ലപ്പള്ളിയിലെ വിവാദ പ്രസംഗം
“മനോഹരമായ ഒരു ഭരണഘടനയാണ് എഴുതിവച്ചിട്ടുള്ളതെന്നു നമ്മളെല്ലാം പറയും. ഞാന്‍ പറയുന്നത് ഇന്ത്യന്‍ ജനതയെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിതെന്നാണ്. ബ്രിട്ടീഷുകാര്‍ തയ്യാറാക്കി കൊടുത്തത് എഴുതിവച്ചു. അത് 75 വര്‍ഷമായി നടപ്പാക്കിവരുന്നു.
ആരു പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് എഴുതപ്പെട്ടിട്ടുള്ളത്. പ്രമോദ് നാരായണന്റെ (റാന്നി എം.എല്‍.എ) ഭാഷയില്‍ പറഞ്ഞാല്‍ മുക്കും മൂലയും അരിച്ചുപറിച്ച് ചില ഗുണഗണങ്ങള്‍ ഒക്കെ എഴുതിവച്ചിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം തുടങ്ങിയ കുന്തോം കുടച്ചക്രോം ഇതില്‍പ്പെടും. കൃത്യമായി കൊള്ളയടിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍. ഞാന്‍ പറയട്ടെ, തൊഴിലാളികളുടെ സമരങ്ങള്‍ അംഗീകരിക്കാന്‍ പറ്റാത്ത നാടാണ് ഇന്ത്യ. 1957-ല്‍ ഗവണ്മെന്റ് കേരളത്തില്‍ അധികാരത്തില്‍ വന്നു.
തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കണമെന്നുള്ളതായിരുന്നു ആദ്യ ഗവണ്മെന്റ് നയം. അതുവരെ കൂലി ചോദിക്കാന്‍ പറ്റില്ലായിരുന്നു. കൂലി ചോദിച്ചാല്‍ നടു ചവിട്ടിയൊടിക്കുമായിരുന്നു. അപ്പോള്‍ ചൂഷണത്തെ ഏറ്റവും കൂടുതല്‍ അംഗീകരിച്ചിട്ടുള്ള ഭരണഘടനയായിരുന്നു ഇന്ത്യയുടേത്. അതുകൊണ്ടാണ് അംബാനി, അദാനി തുടങ്ങിയ കോടീശ്വരന്മാര് ഇവിടെ വളര്‍ന്നുവന്നത്.
ഈ പണം എവിടെനിന്നായിരുന്നു. പാവപ്പെട്ടവന്റെ അധ്വാനത്തില്‍നിന്നു ലഭിക്കുന്ന മിച്ചമൂല്യം ഉപയോഗപ്പെടുത്തികൊണ്ട് പാവങ്ങളെ ചൂഷണം ചെയ്ത് ഉണ്ടാക്കിയത്. അവനു ശമ്പളം നല്‍കാതെ അവന്റെ അധ്വാനത്തിന്റെ ഫലംകൊണ്ട് ഉണ്ടാക്കിയത്. ഇപ്പോള്‍ തൊഴിലാളി പതിനഞ്ചു മുതല്‍ ഇരുപത് മണിക്കൂര്‍ വരെ ജോലി ചെയ്യുമ്പോള്‍ ഈ രാജ്യത്തെ ഭരണഘടന അവര്‍ക്കു സംരക്ഷണം നല്കുന്നുണ്ടോ? എവിടെ നല്‍കുന്നുണ്ട്?”