ലോക്സഭ തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാകുന്നു. സംസ്ഥാനത്തെ 66,303 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷ ചുമതലയിൽ നിയോഗിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. കേരള പൊലീസും കേന്ദ്രസേനയുമാണ് വോട്ടെടുപ്പിന് സുരക്ഷ ഒരുക്കുന്നത്. സംസ്ഥാനത്ത് 25,231 ബൂത്തുകളാണ് ഇക്കുറിയുള്ളത്. 

എഡിജിപി എം ആർ അജിത്ത് കുമാറാണ് പൊലീസ് വിന്യാസത്തിൻ്റെ നോഡൽ ഓഫീസർ. പോലീസ് ഇൻസ്പെക്ടർ ജനറൽ (ഹെഡ് ക്വാർട്ടേഴ്സ്) ഹർഷിത അട്ടല്ലൂരി അസി. സംസ്ഥാന പോലീസ് നോഡൽ ഓഫീസറായും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ 20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴിൽ പോലീസ് ജില്ലകളെ 144 ഇലക്ഷൻ സബ്ബ് ഡിവിഷൻ മേഖലകളാക്കിയിട്ടുണ്ട്. ഓരോന്നിൻ്റേയും ചുമതല ഡിവൈഎസ്പി അല്ലെങ്കിൽ എസ്പിമാർക്കാണ്. 

183 ഡിവൈഎസ്പിമാർ, 100 ഇൻസ്പെക്ടർമാർ, 4540 എസ് ഐ, എഎസ്ഐമാർ, 23932 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, 2874 ഹോം ഗാർഡുകൾ, 4383 ആംഡ് പൊലീസ് ബറ്റാലിയൻ അംഗങ്ങൾ, 24327 എസ്പിഒമാർ എന്നിവരാണ് സംസ്ഥാനത്ത് സുരക്ഷയൊരുക്കുന്നത്. കൂടാതെ 62 കമ്പനി സിഎപിഎഫും(സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്) സുരക്ഷയൊരുക്കുന്നുണ്ട്.