തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാമക്ഷേത്ര പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ ചിറ്റ്. ഉത്തര്‍പ്രദേശിലെ പിലിബത്തില്‍ നടത്തിയ പ്രസംഗത്തിന് എതിരെ നല്‍കിയ പരാതിയിലാണ് ക്ലീന്‍ചിറ്റ്. രാമക്ഷേത്രത്തെ കുറിച്ചും സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിനെ കുറിച്ചും നടത്തിയ പരാമര്‍ശത്തിന് എതിരെ, മോദി മതം പറഞ്ഞ് വോട്ട് തേടിയെന്ന് ആരോപിച്ച് സുപ്രീംകോടതി അഭിഭാഷകന്‍ ആനന്ദ് ജൊന്താലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. അതേസമയം, പ്രധാനമന്ത്രി രാജസ്ഥാനില്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ തീരുമാനമായില്ല.

ഹിന്ദു, സിഖ് ദൈവങ്ങളുടേയും ആരാധനാലയങ്ങളുടേയും പേരില്‍ മോദി വോട്ട് തേടി എന്നായിരുന്നു പരാതി. വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതിന് എതിരെ കേസ് എടുക്കണമെന്നായിരുന്നു ആനന്ദിന്റെ ആവശ്യം. കഴിഞ്ഞ പത്താം തീയതിയാണ് പരാതി നല്‍കിയത്. എന്നാല്‍, പരാതിയില്‍ തീരുമാനമെടുക്കുന്നത് വൈകിയതിനെ തുടര്‍ന്ന് അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയില്‍ഹര്‍ജി നല്‍കിയിരുന്നു. പരാതിയില്‍ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടണം എന്നായിരുന്നു ഹര്‍ജി.