വാഷിങ്ടൺ: ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാരബന്ധത്തിലേർപ്പെടുന്നവർ ഉപരോധം നേരിടേണ്ടി വരുമെന്ന് യു.എസ്. ചൊവ്വാഴ്ചയാണ് യു.എസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാരബന്ധത്തിന് ശ്രമിക്കുന്നവർ ഉപരോധം നേരിടേണ്ടി വരുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.

പാകിസ്താന്റെ വിദേശനയമെന്താണെന്ന് തീരുമാനിക്കേണ്ടത് അവരാണ്. അവർ തന്നെയാണ് വിദേശനയത്തെ കുറിച്ച് പ്രതികരിക്കേണ്ടതെന്നും പട്ടേൽ വ്യക്തമാക്കി. ഇറാൻ പ്രസിഡന്റിന്റെ പാകിസ്താൻ സ​ന്ദർശനത്തെ സംബന്ധിച്ച ചോദ്യത്തോടായിരുന്നു വേദാന്ത പട്ടേലിന്റെ മറുപടി. നേരത്തെ ഇറാൻ പ്രസിഡന്റിന്റെ സന്ദർശനവേളയിൽ പാകിസ്താൻ ഇറാനുമായി എട്ട് ഉഭയകക്ഷികരാറുകളിൽ ഒപ്പിട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ 10 ബില്യൺ യു.എസ് ഡോളറിന്റെ വ്യാപാരം നടത്താനും തീരുമാനിച്ചിരുന്നു.

ഈയാഴ്ച പാകിസ്താന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്ക് സാധനങ്ങൾ നൽകുന്ന മൂന്ന് കമ്പനികൾക്ക് യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിൽ രണ്ടെണ്ണവും ചൈനയിൽ നിന്നുള്ളവയാണ്. ഒരെണ്ണം ബലാറസിൽ നിന്നുള്ളതാണ്. നശീകരണ ആയുധങ്ങൾ നിർമിക്കാനുള്ള നീക്കങ്ങളെ യു.എസ് ചെറുക്കുമെന്നും വേദാന്ത് പട്ടേൽ പറഞ്ഞു. അതേസമയം, പാകിസ്താൻ യു.എസിന്റെ പ്രധാനപ്പെട്ട പങ്കാളിയാണെന്ന നിലപാടും രാജ്യം ആവർത്തിച്ചു.