ഇൻ്റർനെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ഉപയോക്താക്കള്‍ക്ക് ഫോട്ടോകള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ മുതലായവ പങ്കിടാന്‍ കഴിയുന്ന ഒരു പുതിയ ഫീച്ചര്‍ പുറത്തിറക്കാന്‍ വാട്സാപ്പ് ഒരുങ്ങുന്നു. ഇൻ്റർനെറ്റ് ഇല്ലാതെ എളുപ്പത്തില്‍ ഡാറ്റ പങ്കിടാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നതിനുള്ള ഫീച്ചര്‍ പുറത്തിറക്കാനുള്ള അണിയറ പ്രവര്‍ത്തനത്തിലാണ് വാട്സാപ്പ് . വാട്സാപ്പ് ഇതുവരെ ഈ ഫീച്ചറിനെ സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തുകയോ ഈ ഫീച്ചര്‍ പുറത്തിറക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ ടെസ്റ്റിംഗ് ഘട്ടത്തിലായതിനാല്‍ ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ ഇത് ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കി പ്രവര്‍ത്തിക്കുന്ന നിലയിലാണ് ഈ ഫീച്ചര്‍ തയ്യാറാകുന്നത്. ഉപഭോക്താക്കള്‍ ഫോണിലെ ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കി ഷെയര്‍ഇറ്റ് പോലുള്ള ആപ്പുകള്‍ക്ക് സമാനമായ നിലയില്‍ ഓഫ്‌ലൈനില്‍ ഫയലുകള്‍ പങ്കിടുന്ന രീതിയാണ് പുതിയ ഫീച്ചറിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സമീപത്തുള്ള ഉപകരണങ്ങള്‍ കണ്ടെത്തുന്നതിനും ഫയലുകള്‍ പങ്കിടുന്നതിനും ബ്ലൂടൂത്ത് ഉപയോഗിക്കാന്‍ അപ്ലിക്കേഷനുകളെ പ്രാപ്തമാക്കുന്ന, ആന്‍ഡ്രോയിഡുകളില്‍ പൊതുവായുള്ള സിസ്റ്റം പെര്‍മിഷന്‍ അടിസ്ഥാനപ്പെടുത്തിയാവും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക.