മാനന്തവാടി: ‘വോട്ട് ചെയ്തിട്ട് കാര്യമില്ല, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം’ കമ്പമലയില്‍ എത്തിയ മാവോയിസ്റ്റ് സംഘത്തിന്‍റെ ആഹ്വാനം ഇങ്ങനെയായിരുന്നു. ഇന്ന് പുലർച്ചെയാണ് വയനാട് കമ്പമലയിൽ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയത്. എന്നാൽ മാവോയിസ്റ്റുകളോട് ടൗണിലേക്ക് വരാനായിരുന്നു നാട്ടുകാരുടെ മറുപടി.

ജനങ്ങള്‍ കൂടിയാല്‍ ഏത് ടൗണിലേക്കും തങ്ങള്‍ വരുമെന്ന് മാവേയിസ്റ്റ് സംഘത്തിലെ ഒരാള്‍ പറഞ്ഞപ്പോൾ, എന്നാല്‍ നിങ്ങള്‍ തലപ്പുഴ ടൗണിലേക്ക് വരൂ എന്ന് മാവോയിസ്റ്റുകളെ ജനങ്ങൾ വെല്ലുവിളിക്കുകയും ചെയ്തു.

നാലംഗസംഘമാണ് എത്തിയതെങ്കിലും ആയുധധാരികളായ രണ്ടുപേരാണ് ജങ്ഷനില്‍ കൂടിനിന്നവരോട് സംസാരിക്കുന്നത്. ഈ സമയം മറ്റു രണ്ടുപേര്‍ അല്‍പ്പം ദൂരെ മാറി നില്‍ക്കുകയാണ്. സംഘത്തിലെ മൂന്നുപേരെ ഇതിനകം തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സിപി മൊയ്തീന്‍, മനോജ്, സോമന്‍ എന്നിവരാണവര്‍. നാലാമന്‍ ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

രാവിലെ 06:15 ഓടെയാണ് മാവോയിസ്റ്റുകള്‍ കമ്പമലയിൽ എത്തിയത്. ചെറിയ കടയും മറ്റുമുള്ള ഒരു ജങ്ഷനിലാണ് ജനങ്ങളോട് സംസാരിച്ചത്. നാട്ടുകാരില്‍ നിന്ന് വിവരം ഇതിനകം തന്നെ പ്രദേശത്ത് പടര്‍ന്നിരുന്നെങ്കിലും പോലീസ് സ്ഥിരീകരിച്ചതിനുശേഷം ആണ് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയത്. വര്‍ഷങ്ങളായി കമ്പമല, മക്കിമല മേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ട്. അതിനാല്‍ തന്നെ പോലീസിന്‍റെയും തണ്ടര്‍ബോള്‍ട്ടിന്‍റെയും പരിശോധന നിരന്തരം ഇവിടെ നടക്കാറുണ്ട്