തൃശൂർ/കാസർകോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ, കാസർകോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് (ഏപ്രില്‍ 24) വൈകീട്ട് 6 മണി മുതൽ 27 ശനിയാഴ്ച രാവിലെ 6 മണിവരെയാണ് തൃശൂരിൽ നിരോധനാജ്ഞ. കാസർകോട് ഇന്ന് വൈകീട്ടുമതൽ ശനിയാഴ്ച വൈകീട്ട് ആറ് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അതാത് ജില്ലാ കളക്ടർമാരാണ് ഉത്തരവിറക്കിയത്.

കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ കാലയളവിൽ പൊതുയോഗങ്ങൾ പാടില്ല, അഞ്ചിൽ അധികം ആളുകൾ കൂട്ടം കൂടുന്നതിനും വിലക്കേർപ്പെടുത്തി. അതേസമയം സ്ഥാനാർഥികളുടെ നിശബ്ദ പ്രചാരണത്തിന് തടസ്സമില്ല. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കാസർകോട് ജില്ലാ കളക്ടർ അറിയിച്ചു.

തൃശൂരിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും കലക്ടറുമായ വിആര്‍ കൃഷ്ണതേജയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച് ഉത്തരവിട്ടത്. വോട്ടിങ് കേന്ദ്രം, ഷോപ്പിങ് മാള്‍, വ്യാപാര കേന്ദ്രങ്ങള്‍, സിനിമ തിയറ്റര്‍, മറ്റു വിനോദ കേന്ദ്രങ്ങള്‍, വിവാഹം/ മരണം പോലുള്ള ചടങ്ങുകള്‍, സ്വകാര്യ പരിപാടികള്‍ തുടങ്ങിയ ഇടങ്ങളിലെ സമാധാനത്തിന് ഭംഗം വരാത്ത, ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ക്കും നിശബ്ദ പ്രചാരണ വേളയിലെ വീടുകള്‍ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ലെന്ന് കളക്ടർ വ്യക്തമാക്കി.