സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പ്രധാനമായും തെക്കൻ കേരളത്തിലെ ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പ് നൽകുന്നതിനോടൊപ്പം സംസ്ഥാനത്ത് താപനില വർദ്ധിയ്ക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുകയാണ്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുളളതായാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പെയ്യുമ്പോൾ ഏറെ ജാഗ്രത വേണമെന്ന നിർദ്ദേശവും അധികൃതർ പുറപ്പെടുവിക്കുന്നു. ഈ ഘട്ടത്തിൽ അപകടകരമായ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതകളേറെയാണ്. 

മഴ സാധ്യത പറയുന്ന ഈ ഘട്ടത്തിൽ പാലക്കാട് ജില്ലയ്ക്ക് താപനില വീണ്ടും ഉയരുമെന്നാണ് സൂചന. 2024 ഏപ്രിൽ 23 മുതൽ 27 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.