കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി. ഇന്ന് ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച്ച നടത്താനാണ് യെമന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയത്. ഉച്ചയ്ക്ക് ശേഷം ജയിലില്‍ എത്താനാണ് നിര്‍ദേശം. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്.

കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ കാണാനും അമ്മ ശ്രമിക്കും. ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മാപ്പ് അപേക്ഷിച്ച് നിമിഷയെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തും. പ്രേമകുമാരി മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോമിനൊപ്പമാണ് സനയിലെത്തിയത്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ അനുമതി ലഭിച്ചാല്‍ നിമിഷപ്രിയയെ മോചിപ്പിക്കാനാകും. മോചനാനുമതിക്ക് വേണ്ടി നല്‍കുന്ന ബ്ലഡ് മണിയുടെ കാര്യത്തില്‍ നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലും തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവും തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തേണ്ടതുണ്ട്.