10 മഞ്ഞ അനാക്കോണ്ടകളെ കടത്താൻ ശ്രമിച്ചതിന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഇയാളുടെ ചെക്ക്-ഇൻ ബാഗേജിലാണ് പാമ്പിനെ ഒളിപ്പിച്ചിരുന്നത്. ബാങ്കോക്കിൽ നിന്ന് എത്തിയ ഇയാളെ വന്യജീവി ആക്ട് പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. 

ജലാശയങ്ങളോട് ചേർന്ന് കാണപ്പെടുന്ന ഒരു നദീതീര ഇനമാണ് മഞ്ഞ അനക്കോണ്ട. പരാഗ്വേ, ബൊളീവിയ, ബ്രസീൽ, വടക്കുകിഴക്കൻ അർജൻ്റീന, വടക്കൻ ഉറുഗ്വേ എന്നിവിടങ്ങളിലാണ് മഞ്ഞ അനക്കോണ്ടകൾ സാധാരണയായി കാണപ്പെടുന്നത്. നിയമം അനുസരിച്ച് ഇന്ത്യയിൽ വന്യജീവി വ്യാപാരവും കടത്തും നിയമവിരുദ്ധമാണ്.

കഴിഞ്ഞ വർഷം, ബാങ്കോക്കിൽ നിന്ന് ഒരു യാത്രക്കാരൻ കടത്തിയതായി ആരോപിച്ച് കങ്കാരു കുഞ്ഞ് ഉൾപ്പെടെ 234 വന്യമൃഗങ്ങളെ ബെംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയിരുന്നു. പ്ലാസ്റ്റിക് പെട്ടിയിലായിരുന്ന കംഗാരു ശ്വാസം മുട്ടി ചത്തിരുന്നു.

കസ്റ്റംസ് വകുപ്പിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാളുടെ ലഗേജുകൾ പരിശോധിച്ചപ്പോൾ ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിൽ പെരുമ്പാമ്പ്, ചാമിലിയൻ, ഉറുമ്പുകൾ, ആമകൾ, ചീങ്കണ്ണികൾ എന്നിവയേയും കണ്ടെത്തി.

ലഗേജിൽ കണ്ടെത്തിയ ചില മൃഗങ്ങൾ വംശനാശഭീഷണി നേരിടുന്ന വന്യമൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും (CITES) അന്തർദ്ദേശീയ വ്യാപാരത്തെക്കുറിച്ചുള്ള കൺവെൻഷൻ്റെ അനുബന്ധങ്ങളിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.