ന്യൂഡെൽഹി: മുൻ സർക്കാരുകളുടെ കാലത്ത് ഇന്ത്യയുടെ വിദേശനയം പോലും മുസ്ലീം പ്രീണനത്താൽ സ്വാധീനിക്കപ്പെട്ടുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. 1948ൽ ഇസ്രാഈൽ സ്വാതന്ത്ര്യം നേടി, എന്നാൽ 1992 വരെ അവിടേക്ക് ഇന്ത്യ അംബാസിഡറെ നിയമിച്ചിരുന്നില്ല. ഒടുവിൽ 1992ലാണ് അംബാസിഡറെ അയച്ചതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകൻ സുശാന്ത് സിൻഹയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

1992ന് ശേഷം 2017വരെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രാഈലിലേക്ക് പോകാതിരുന്നത് എന്തുകൊണ്ടാണ്? ഇസ്രാഈൽ ഒരു ചെറിയ രാജ്യമല്ല. അതിന് അതിൻറേതായ പ്രാധാന്യമുണ്ട്. സുരക്ഷയുടെ കാര്യത്തിൽ ഇസ്രാഈൽ നമ്മുടെ പങ്കാളിയാണ്. മറ്റുള്ളവർക്ക് വേണ്ടി ഇസ്രാഈലിനെ  അകറ്റി നിർത്തിയത് എന്തുകൊണ്ടാണ്?

മുസ്ലിം വോട്ട് ബാങ്ക് കണക്കിലെടുത്താണ് വിദേശ നയവും മുൻ സർക്കാരുകൾ തീരുമാനിച്ചത്. അവരുടെ പാകിസ്താൻ നയത്തിൽ വോട്ട് ബാങ്ക് രാഷ്ട്രീയം ഉണ്ടായിരുന്നില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? 

ഒക്ടോബർ ഏഴിന് അവിടെ ഭീകരാക്രമണം നടന്നപ്പോൾ അക്രമികളെ തീവ്രവാദികൾ എന്ന് വിളിക്കുന്നതിൽ എന്തുകൊണ്ടാണ് ഇത്ര വൈമനസ്യമെന്നും അദ്ദേഹം ചോദിച്ചു. ഇത് നമുക്കും ലോകത്തിനും മൊത്തം അറിയാവുന്ന സംഗതിയാണ്. 

മുൻ സർക്കാരുകളുടെ രാഷ്ട്രീയം എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം. രാജ്യത്തിനകത്തായാലും പുറത്തായാലും നയങ്ങളിൽ വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെയാണ് മുൻ സർക്കാരുകൾക്ക് ഉണ്ടായിരുന്നതെന്നും അദ്ദേഹം വിമർശിച്ചു. വിദേശകാര്യമന്ത്രിയുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് സുശാന്ത് സിൻഹയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യും.