ജെസ്‌ന തിരോധാനക്കേസിൽ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ. ജെസ്‌നയുടെ പിതാവ് ജെയിംസ് പറയുന്ന കാര്യങ്ങളിൽ തങ്ങൾക്ക് തെളിവ് ലഭിച്ചിട്ടില്ല. അവർ തെളിവ് ഹാജരാക്കിയാൽ പരിശോധിച്ച ശേഷം തുടരന്വേഷണമാകാമെന്നും സിബിഐ കോടതിയെ അറിയിച്ചു. ഇതോടെ തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്‌നയുടെ പിതാവിന് നിർദ്ദേശം നൽകി. കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി.   

കേസിന്റെ എല്ലാവശങ്ങളും നേരത്തെ പരിശോധിച്ചതാണെന്നും പുതിയ തെളിവുകൾ കുടുംബത്തിന് ലഭിച്ചിട്ടുണ്ടെങ്കിൽ സീൽ ചെയ്ത കവറിൽ സമർപിക്കാനും സിബിഐ അഭിഭാഷകൻ ആവശ്യപ്പെട്ടു. തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറാണെന്നും സിബിഐ അഭിഭാഷകൻ വ്യക്തമാക്കി.

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും ആറു മാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫിന്റെ ഹർജിയിൽ പറയുന്നത്. ജെസ്‌നയെ കണ്ടെത്താനായില്ലെന്നും മരിച്ചോ എന്നതിനു തെളിവുകൾ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ നേരത്തെ കോടതിയെ സമീപിച്ചത്. പുതിയ തെളിവുകൾ ലഭിച്ചാൽ അന്വേഷണം പുനരാരംഭിക്കുമെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ജെസ്‌നയുടെ പിതാവ് കോടതിയെ സമീപിച്ചത്.
ജെസ്‌ന വീട്ടിൽനിന്ന് പോകുന്നതിനു ദിവസങ്ങൾക്ക് മുൻപ് രക്തസ്രാവം ഉണ്ടായെന്നും ഇതിന്റെ കാരണങ്ങൾ സിബിഐ പരിശോധിച്ചില്ലെന്നും പിതാവ് ആരോപിച്ചിരുന്നു. 

വീട്ടിൽനിന്ന് പോകുന്നതിന് തലേദിവസവും രക്തസ്രാവം ഉണ്ടായി. രക്തം പുരണ്ട വസ്ത്രങ്ങൾ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് കൊണ്ടുപോയി. പിന്നീട് അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ജെസ്‌ന രഹസ്യമായി പ്രാർഥിക്കാൻപോകുന്ന സ്ഥലത്തെക്കുറിച്ച് സിബിഐ പരിശോധിച്ചില്ല. കാണാതാകുന്ന ദിവസം ജെസ്‌നയുടെ കയ്യിൽ 60,000 രൂപയുണ്ടായിരുന്നു. ഇത് വീട്ടുകാർ നൽകിയതല്ല. ജെസ്‌നയുടെ കൂട്ടുകാരെ വിശദമായി ചോദ്യം ചെയ്തില്ല. ജെസ്‌നയുടെ തിരോധാനത്തിൽ ഒരാളെ സംശയമുണ്ടെന്നും പിതാവ് ഹർജിയിൽ ചൂണ്ടിക്കായിട്ടിയിരുന്നു.