ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ അനക്കോണ്ടകളെ കടത്താൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.10 മഞ്ഞ അനക്കോണ്ടകളെയാണ് ഇയാളുടെ ലഗേജിൽ നിന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കിടെയാണ് സംഭവം. അതേസമയം, ഇയാളുടെ പേരു വിവരങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. 

ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ബെംഗളൂരു കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അതേസമയം, യാത്രക്കാരനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്നും വന്യജീവി കടത്ത് അനുവദിക്കില്ലെന്നും കസ്റ്റംസ് വകുപ്പ് പ്രതികരിച്ചു. 

കഴിഞ്ഞ വർഷം, കംഗാരു കുഞ്ഞുമായി ബാങ്കോക്കിൽ നിന്നെത്തിയ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. കംഗാരുവിന്റെ കുഞ്ഞ് ഉൾപ്പെടെ 234 വന്യമൃഗങ്ങളെ ബെംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയിരുന്നു.