കണക്റ്റിക്കട്ട്: യേല്‍ യൂണിവേഴ്സിറ്റിയുടെ കണക്റ്റിക്കട്ട് കാമ്പസില്‍ പലസ്തീന്‍ അനുകൂല പ്രകടനം നടത്തിയ 47 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് പൊലീസ്. ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധ ക്യാമ്പില്‍ നിന്ന് പുറത്തുകടക്കാന്‍ പൊലീസ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പ്രതിഷേധക്കാരോട് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നത് ദൃശ്യങ്ങളില്‍ കാണാം.

”യേല്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ അംഗങ്ങള്‍ പ്രദേശം വളയുകയും പ്രതിഷേധക്കാരോട് തിരിച്ചറിയല്‍ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു; ചിലര്‍ സ്വമേധയാ സ്ഥലം വിട്ടുപോയി. ഒന്നിലധികം അഭ്യര്‍ത്ഥനകള്‍ക്ക് ശേഷം മറ്റുള്ളവര്‍ അനുസരിക്കാത്തപ്പോള്‍, യേല്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് 47 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു, ” യൂണിവേഴ്‌സിറ്റി വക്താവ് പറഞ്ഞു.

യേലിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്, പ്ലാസ വിടാന്‍ വിസമ്മതിച്ചവരെ അറസ്റ്റ് ചെയ്യാന്‍ സര്‍വകലാശാല അനുമതി നല്‍കുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശാസനയോ സസ്‌പെന്‍ഷനോ ഉള്‍പ്പെടെയുള്ള അച്ചടക്കനടപടികള്‍ യേല്‍ യൂണിവേഴ്‌സിറ്റി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

‘അറബ് രക്തം വിലയില്ലാത്തതല്ല, രക്തസാക്ഷികള്‍ക്കായി ഞങ്ങള്‍ സംസാരിക്കും’, തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് വിദ്യാര്‍ത്ഥികളും മറ്റുള്ളവരും പ്രതിഷേധിച്ചിരുന്നത്. അറസ്റ്റുകളും നിയമപാലകരുടെ സാന്നിധ്യവും ഉണ്ടായിരുന്നിട്ടും, പാലസ്തീന്‍ അനുകൂല പ്രകടനക്കാര്‍ കാമ്പസിന്റെ മറ്റൊരു പ്രദേശത്തേക്ക് മാറി.

യേലില്‍ നടന്ന ഇസ്രായേല്‍ വിരുദ്ധ റാലി റിപ്പോര്‍ട്ട് ചെയ്ത ജൂത വിദ്യാര്‍ത്ഥി മാധ്യമപ്രവര്‍ത്തകയുടെ കണ്ണില്‍ പലസ്തീന്‍ പതാക കൊണ്ട്  കുത്തിയതോടെയാണ് പൊലീസിന്റെ ഇടപെടലുണ്ടായത്. യേല്‍ ഫ്രീ പ്രസ്സിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് സഹര്‍ തര്‍ടക്ക്, ജൂത വസ്ത്രം ധരിച്ചതിന് ഒറ്റപ്പെടുകയായിരുന്നു.