ഐ.ടി ഹബ്ബായി വളരുന്ന കൊച്ചിയുടെ ഉപഗ്രഹ നഗരങ്ങളില്‍ 9 സാറ്റലൈറ്റ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കം തുടങ്ങി. സംസ്ഥാന ഐ.ടി ഇടനാഴികളുടെ ഭാഗമായി സ്ഥാപിക്കുന്ന ഉപഗ്രഹ പാര്‍ക്കുകള്‍ക്കായി പല സ്ഥലങ്ങളിലായി 568 ഏക്കര്‍ സ്ഥലം കണ്ടെത്തി നിക്ഷേപകരില്‍ നിന്ന് താത്പര്യം പത്രം ക്ഷണിച്ചിട്ടുണ്ട്. 

കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് (കെ.എസ്.ഐ.ടി.പി.എല്‍) പദ്ധതിയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കള്‍ (SPV). കെ.എസ്.ഐ.ടി.പി.എല്ലാണ് ഭൂമി കണ്ടെത്തിയതും നിക്ഷേപകര്‍, ഡെവലപ്പര്‍മാര്‍, ടെക്‌നോളജി സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നതും. ജനുവരി 31 വരെയായിരുന്നു അപേക്ഷിക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നതെങ്കിലും ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്.

ഒമ്പതിടങ്ങളില്‍ ഭൂമി

നെടുമ്പാശേരി, കളമശേരി,  കൊരട്ടി (തൃശൂര്‍), ചേരാനെല്ലൂര്‍, പുത്തന്‍കുരിശ്, പുതുവൈപ്പ്, പനഞ്ചേരി (തൃശൂര്‍), കാക്കനാട് എന്നിവിടങ്ങളിലാണ് നിര്‍ദിഷ്ട എറണാകുളം-കൊരട്ടി ഐ.ടി കോറിഡോര്‍-3ന്റെ ഭാഗമായി സാറ്റലൈറ്റ് ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.

പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മോഡലിലോ നിക്ഷേപകര്‍ നേരിട്ട് ഏറ്റെടുക്കുന്ന രീതിയിലോ ആകും പാര്‍ക്കുകള്‍ക്ക് ഭൂമി അനുവദിക്കുക. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നിക്ഷേപകര്‍ക്ക് നല്‍കുന്നതില്‍ കാലതാമസമുള്ളതിനാലാണ് നിക്ഷേപകര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്തു നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ ഒരു ഫെസിലിറ്റേറ്ററിന്റെ റോള്‍ ആയിരിക്കും വഹിക്കുക. എല്ലാവിധ പിന്തുണയും ഇന്‍സെന്റീവുകളും നിക്ഷേപകര്‍ക്ക് ലഭിക്കുകയും ചെയ്യും.

ഇന്‍ഫോപാര്‍ക്കില്‍ കൂടുതല്‍ വികസനത്തിന് സ്ഥലപരിമിതി പ്രശ്‌നമായി നില്‍ക്കുന്ന സാഹചര്യത്തില്‍ സാറ്റലൈറ്റ് ഐ.ടി പാര്‍ക്കുകള്‍ ഒരു പരിഹാരമാകുമെന്നാണ് കരുതുന്നത്.

കര്‍ശന മാനദണ്ഡങ്ങള്‍

നിലവില്‍ ഒന്നു രണ്ടു നിക്ഷേപകരെത്തിയെങ്കിലും വിശദമായ പരിശോധനയ്ക്ക് ശേഷമാകും അനുമതി നല്‍കുക. നിക്ഷേപകരായെത്തുന്നവര്‍ക്ക് കര്‍ശനമായ യോഗ്യതാ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 10 വര്‍ഷമെങ്കിലും ബിസിനസ് നടത്തിയിരിക്കണം. മാത്രമല്ല 2022-23 വരെയുള്ള തുടര്‍ച്ചായി മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ 50 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവും ഉണ്ടായിരിക്കണം. മാത്രമല്ല തുടര്‍ച്ചയായി ഇക്കാലയളവില്‍ ലഭത്തിലുമായിരിക്കണം.

ഡവലപ്പറായി എത്തുന്നവര്‍ രാജ്യത്ത് കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സ്‌ക്വയര്‍ഫീറ്റ് നിര്‍മാണപ്രവൃത്തികള്‍ നടത്തിയിരിക്കുകയും വേണം. 

മൊത്തം നാല് ഇടനാഴികള്‍

എന്‍.എച്ച് 66ന് സമാന്തരമായി സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നതാണ് ഐ.ടി കോറിഡോര്‍. 2023-24 സംസ്ഥാന ബജറ്റില്‍ 1,000 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. 

കിഫ്ബിയുടെ ധനസാഹയത്തോടെയാണ് നാല് ഐ.ടി ഇടനാഴികളും 20 ഐ.ടി ഹബ്ബുകളും സ്ഥാപിക്കുന്നത്. നിലവിലെ ഐ.ടി പാര്‍ക്കുകളുമായി ബന്ധിപ്പിച്ചു കൊണ്ടായിരുക്കും ഐ.ടി ഇടനാഴികള്‍. ടെക്‌നോപാര്‍ക്ക് ഫേസ് 3-കൊല്ലം, ചേര്‍ത്തല- എറണാകുളം, എറണാകുളം-കൊരട്ടി, കോഴിക്കോട്-കണ്ണൂര്‍ എന്നിവയാണ് നിര്‍ദിഷ്ട ഐ.ടി കോറിഡോറുകള്‍.

ടെക്‌നോപാര്‍ക്ക് ഫേസ് 3 മുതല്‍ കൊല്ലം വരെയാണ് ഒന്നാം ഐ.ടി ഇടനാഴി വരുന്നത്. ഇതിന്റെ ഭാഗമായി 200 ഏക്കര്‍ സ്ഥലം ആറിടങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്.

ചേര്‍ത്തല മുതല്‍ എറണാകുളം വരെയുള്ള ഐ.ടി ഇടനാഴി രണ്ടിനായി 230 ഏക്കര്‍ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെയാണ് ഐ.ടി ഇടനാഴി നാല് വരുന്നത്. ഈ റീജിയണില്‍ 700 ഏക്കര്‍ ഭൂമിയും കണ്ടെത്തിയിട്ടുണ്ട്.