ഫ്‌ളോറിഡ: വിദ്യാര്‍ത്ഥികളെ കമ്യൂണിസ്റ്റ് ചരിത്രം പഠിപ്പിക്കാനൊരുങ്ങി ഫ്‌ളോറിഡ. നഴ്‌സറി മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ കമ്യൂണിസ്റ്റ് ചരിത്രത്തെക്കുറിച്ച് പഠിപ്പിക്കുമെന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍ അറിയിച്ചു. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12-ാം ഗ്രേഡ് വരെ സിലബസില്‍ കമ്യൂണിസം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ബില്ലില്‍ ഒപ്പുവച്ചുകൊണ്ടായിരുന്നു ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് നിര്‍ണായ പ്രഖ്യാപനം നടത്തിയത്.

2026-27 അദ്ധ്യായന വര്‍ഷം മുതല്‍ കമ്യൂണിസം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്യൂണിസ്റ്റ് ഭരണത്തിന് കീഴില്‍ നടന്ന അതിക്രമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കണമെന്ന ലക്ഷ്യത്തോടെയാണിതെന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍ അറിയിച്ചു. യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പിക്കുന്ന കമ്യൂണിസ്റ്റ് അനുകൂല സിലബസുകളെ പ്രതിരോധിക്കാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ചെറിയ പ്രായം മുതല്‍ തന്നെ കമ്യൂണിസ്റ്റ് ഭരണത്തെക്കുറിച്ചുള്ള നേര്‍ചിത്രങ്ങളും യാഥാര്‍ത്ഥ്യവും കുട്ടികള്‍ മനസിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ബില്ലില്‍ ഒപ്പുവയ്ക്കവേ റോണ്‍ ഡിസാന്റിസ് പ്രഖ്യാപിച്ചു.