ന്യൂദല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലൊരാളായ മലയാളി യുവതി ആന്‍ ടെസ്സ ജോസഫ് നാട്ടിലെത്തി. നടപ്പിലായത് നരേന്ദ്രമോദിയുടെ ഗാരന്റി എന്ന് വിദേശകകാര്യമന്ത്രി എസ് ജയശങ്കര്‍. തൃശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയവിവരം വിദേശ കാര്യമന്ത്രാലയമാണ് അറിയിച്ചത്.
കപ്പലില്‍ 17 ഇന്ത്യക്കാരാണ് ആകെയുള്ളത്. ഏക വനിതയായിരുന്നു ടെസ്സി. മറ്റു പതിനാറ് പേരെയും ഉടന്‍ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പ് നല്‍കി. ഇവരില്‍ 4 പേര്‍ മലയാളികളാണ്.

‘ഇറാനില്‍ ഇന്ത്യയുടെ മഹത്തായ പ്രവര്‍ത്തി. ആന്‍ ടെസ്സ ജോസഫ് നാട്ടിലെത്തി. നാട്ടിലായാലും വിദേശത്തായാലും എപ്പോഴും മോദിയുടെ ഗാരന്റി പ്രവര്‍ത്തിക്കും’ എന്നാണ് ജയശങ്കര്‍ ട്വിറ്ററില്‍ കുറിച്ചത്.
കപ്പലില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചുകൊണ്ടുവരാന്‍ ഉടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് എഴുതിയിരുന്നു. കത്തില്‍ ആന്‍ ടെസ്സ ജോസഫിന്റെ പേരില്ലാതിരുന്നത് വിവാദമായിരുന്നു.