ഐപിഎല്ലിൽ ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ലഖ്നൗ സൂപ്പർ ജയൻറ്സിന് എട്ട് വിക്കറ്റിൻറെ തകർപ്പൻ ജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു . ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയർത്തിയ 177 റൺസിൻറെ വിജയലക്ഷ്യം ക്യാപ്റ്റൻ കെ എൽ രാഹുലിൻറെയും ഓപ്പണർ ക്വിൻറൺ ഡി കോക്കിൻറെയും അർധസെഞ്ചുറികളുടെ മികവിൽ ലഖ്നൗ 19 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുക ആയിരുന്നു.

അതേസമയം എൽഎസ്ജി ചേസിൻ്റെ തുടക്കം മുതൽ ഓവർ നിരക്ക് നിയന്ത്രിക്കാൻ എംഎസ് ധോണി സിഎസ്‌കെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിനോട് പല തവണ പറയുന്നത് കാണാൻ സാധിച്ചിരുന്നു. എന്നിരുന്നാലും നിർദേശം പാലിക്കുന്നതിൽ പരാജയപ്പെട്ട ഋതുരാജിന് പണി കിട്ടിയിരിക്കുകയാണ്‌. നിശ്ചിത സമയം അവസാനിക്കുമ്പോൾ ചെന്നൈ മൂന്ന് ഓവറുകൾ പിന്നിലായിരുന്നു. അതിനാൽ തന്നെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അദ്ദേഹത്തിന് 12 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുകയാണ്. കളിക്കിടെ തന്നെ 18-ാം ഓവറിൽ സർക്കിളിന് പുറത്ത് അഞ്ച് ഫീൽഡർമാർക്ക് പകരം നാല് പേരെ മാത്രമാണ് നിർത്താൻ പറ്റിയത്. പക്ഷേ മത്സരത്തിൽ അതിനകം തന്നെ പരാജയം സമ്മതിച്ച ചെന്നൈക്ക് ഈ നഷ്ടം വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല.