തിരുവനന്തപുരം: നവകേരള ബസിന്റെ പെർമിറ്റ് മാറ്റി. കോൺട്രാക്ട് ഗാരേജ് പെർമിറ്റിൽനിന്ന് സ്റ്റേജ് കാരിയേജ് പെർമിറ്റ് എന്ന നിലയിലേക്കാണ് മാറ്റിയത്. ടിക്കറ്റ് കൊടുത്ത് ആളുകൾക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ബസുകൾക്ക് നൽകുന്ന പെർമിറ്റാണ് ഇത്. മാസങ്ങളായി ബസ് വെറുതെ കിടക്കുന്നു എന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് മാറ്റം.

അതേസമയം ബസിന്റെ സർവീസ് എന്ന് തുടങ്ങുമെന്ന കാര്യങ്ങളിലൊന്നും തീരുമാനം ആയിട്ടില്ല. 1.15 കോടി മുടക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാർക്കും നവകേരള സദസിൽ വിവിധ വേദികളിലേക്ക് സഞ്ചരിക്കാൻ ബസ് വാങ്ങിയത്. 

ഭാരത് ബെൻസിന്റെ ഈ ബസ് പിന്നീട് നവകേരള സദസിന് ശേഷം പുതുക്കി പണിയുന്നതിനായി ബെംഗളൂരുവിലെ വർക്ക് ഷോപ്പിലേക്ക് മാറ്റിയിരുന്നു. കെ.എസ്.ആർ.ടി.സിയുടെ ടൂറിസം ആവശ്യങ്ങൾക്കായി മാറ്റംവരുത്തുന്നതിന് വേണ്ടിയായിരുന്നു ക്രമീകരണം.

എന്നാൽ മാസങ്ങളോളം വർക്ക് ഷോപ്പിൽ കിടന്ന വാഹനം പിന്നീട് കെ.എസ്.ആർ.ടി.സിയുടെ പാപ്പനംകോട്ടെ വർക് ഷോപ്പിലേക്ക് മാറ്റിയിരുന്നു. എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ തീരുമാനം ആകാതെ ഒരുമാസമായി ഇവിടെ കിടന്ന വാഹനത്തിനാണ് വാർത്തകൾക്കൊടുവിൽ ശാപമോക്ഷമൊരുങ്ങുന്നത്. നവകേരളയാത്രയ്ക്കായി 1.15 കോടി രൂപ മുടക്കി ഭാരത് ബെൻസിന്റെ പുതിയ ബസ് വാങ്ങിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.