ക്രിസ്തുമതത്തിന്റെ ആദ്യകാല പിള്ളത്തൊട്ടിലുകളിൽ ഒന്നായി അറിയപ്പെടുന്ന കപ്പദോക്കിയ റോമൻ പീഡനത്തിൽ നിന്ന് പലായനം ചെയ്യുന്ന ക്രിസ്ത്യാനികൾക്ക് ഒരു സുരക്ഷിത താവളമായിരുന്നു. തുർക്കിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കപ്പദോക്കിയയിലെ ഭൂപ്രകൃതി വളരെ വ്യത്യസ്തമാണ്. ഗോറെമിലെ ഗുഹാ പള്ളികൾ ആണ് ഇവിടുത്തെ പ്രധാന ആകർഷണ കേന്ദ്രം. ഇവ സാധാരണ പള്ളികളല്ല ആദ്യകാല ക്രിസ്ത്യൻ സമൂഹങ്ങൾ മൃദുവായ അഗ്നിപർവ്വത പാറയിൽ നേരിട്ട് കൊത്തിയെടുത്ത സങ്കേതങ്ങളാണ്.

ഈ പ്രദേശം ഓട്ടോമൻ വാസ്തുവിദ്യയുടെ പര്യായമായി മാറുന്നതിന് വളരെ മുമ്പുതന്നെ റോമൻ സാമ്രാജ്യത്തിലെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന ക്രിസ്ത്യാനികൾക്ക് ഒരു സുരക്ഷിത താവളമായി പ്രവർത്തിച്ചു. എ.ഡി ഒന്നാം നൂറ്റാണ്ടിൽ തന്നെ വിശുദ്ധ പൗലോസും വിശുദ്ധ പത്രോസും ഇവിടെ എത്തുകയും സുവിശേഷം പ്രഘോഷിക്കുകയും ഈ ഫലഭൂയിഷ്ഠമായ ഭൂമിയിൽ ക്രിസ്തുവിശ്വാസത്തിന്റെ വിത്ത് പാകുകയും ചെയ്തു.

റോമൻ പീഡന കാലത്ത് കപ്പദോക്കിയയുടെ ഭൂമിശാസ്ത്രം നൽകുന്ന പ്രത്യേകതയും പ്രകൃതിദത്തമായ പ്രതിരോധവും അതിനെ ക്രൈസ്തവർക്ക് അനുയോജ്യമായ ഒരു സങ്കേതമാക്കി മാറ്റി. ഇവിടെ ക്രിസ്ത്യാനികൾ പള്ളികൾ പണിയുന്നതിന് പകരം ശിലകളിൽ ഗുഹകൾ കൊത്തിയെടുത്തു. ഈ ഗുഹാപള്ളികൾ ആരാധനാലയങ്ങൾ എന്നതിനേക്കാൾ ഉപരിയായി ഒളിസങ്കേതങ്ങളായും സന്യാസ സമൂഹങ്ങളായും ദൈവശാസ്ത്ര വിദ്യാലയങ്ങളായും ഉപയോഗിച്ചു.

ഒരു ഗുഹാ ദൈവാലയത്തിൽ പ്രവേശിക്കുന്നത് അക്ഷരാർഥത്തിൽ വലിയ ആത്മീയ അനുഭവമാണ് പ്രദാനം ചെയ്യുന്നത്. മങ്ങിയ വെളിച്ചം പ്രവേശന കവാടത്തിലൂടെ ഒഴുകുന്നു. ഇപ്പോഴും ചടുലമായ മ്യൂറൽ പെയിൻ്റിംഗുകൾ കൊണ്ട് അലങ്കരിച്ച ചുമർ ചിത്രങ്ങൾ ഒരു മറഞ്ഞിരിക്കുന്ന ലോകം വെളിപ്പെടുത്തുന്നു. ഈ ചിത്രങ്ങൾ കൂടുതലും ബൈബിളിലെ രംഗങ്ങളെയും വിശുദ്ധന്മാരെയും ചിത്രീകരിക്കുന്നു. ആദിമ ക്രിസ്ത്യാനികളുടെ വിശ്വാസത്തിലേക്കും കലാപരമായ പ്രകടനത്തിലേക്കും ഉള്ള ഒരു നേർക്കാഴ്ചയാണ് ഈ ചിത്രങ്ങൾ പകരുന്നത്. ടോകലി കിലിസെ (ചർച്ച് ഓഫ് ബക്കിൾ) ഇത്തരത്തിൽ പ്രശസ്തമായ ഒന്നാണ്.

കപ്പദോക്കിയയിലെ ഗുഹാ ദൈവാലയങ്ങൾ ആദിമ ക്രിസ്ത്യാനികളുടെ കലാചാതുര്യത്തിന്റെയും സഹിഷ്ണുതയുടെയും ശ്രദ്ധേയമായ തെളിവാണ്. ഏറ്റവും വെല്ലുവിളി നിറഞ്ഞ ചുറ്റുപാടുകളിലും വിശ്വാസത്തിന് തഴച്ചുവളരാൻ കഴിയുമെന്ന് ഈ ഗുഹാ ദൈവാലയങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.