തൻ്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വ്യക്തിഹത്യ നടത്തിയിട്ട് തനിക്ക് ജയിക്കണ്ടെന്നും ഉള്ളത് പറഞ്ഞിട്ട് ജയിച്ചാൽ മതിയെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.

എവിടെയാണ് താൻ മോശപ്പെട്ട വാക്കുകൾ ഉപയോഗിച്ചതെന്നും എവിടെയാണ് വ്യക്തിഹത്യ നടത്തി തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടുള്ളതെന്നും ഷാഫി പറമ്പിൽ ചോദിച്ചു. വ്യക്തിഹത്യ നടത്തില്ലെന്നും അതിനെ പിന്തുണക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിഹത്യ നടത്തുന്നവർക്ക് സംരക്ഷണം കൊടുക്കില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

ആരെയെങ്കിലും ആക്ഷേപിച്ചുകൊണ്ട് വളര്‍ന്നുവന്ന ആളല്ല താൻ. ആര്‍ക്കെതിരേയും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചിട്ടില്ല. 22 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ഇല്ലാക്കഥ പറഞ്ഞ് വിജയിക്കണമെന്ന് ആഗ്രഹമില്ല. ഉള്ളതുതന്നെ ഒരുപാട് പറയാനുണ്ട്.
15 വർഷമായി നവമാധ്യമങ്ങളിൽ ഇടപെടുന്ന ആളാണ്. വ്യക്തിഹത്യ നടത്തുന്ന ശീലമില്ലെന്നും ഫേസ്ബുക് പേജ് ആർക്കും പരിശോധിക്കാമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.ഒരുതരത്തിലുള്ള വ്യാജ പ്രചരണങ്ങളിലും വടകര മണ്ഡലത്തിലെ ജനങ്ങള്‍ വീഴില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.