വാഷിംഗ്ടൺ: പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഉന്നത അതിർത്തി ഉദ്യോഗസ്ഥൻ മയോർക്കസിനെതിരായ ഇംപീച്ച്‌മെൻ്റ്  നടപടികൾ അവസാനിപ്പിച്ച് യുഎസ് സെനറ്റ്. യുഎസ് ചരിത്രത്തിൽ ഇംപീച്ച്‌മെൻ്റ് നേരിട്ട  രണ്ടാമത്തെ കാബിനറ്റ് സെക്രട്ടറിയാണ് മയോർക്കസ്.

2021 ൽ ബൈഡൻ അധികാരമേറ്റതിനുശേഷം അനധികൃത കുടിയേറ്റം റെക്കോർഡ് തലത്തിൽ എത്തിയെന്നും യുഎസ് അതിർത്തി നിയമങ്ങൾ നടപ്പാക്കുന്നില്ലെന്നും കോൺഗ്രസിനോട് കള്ളം പറഞ്ഞെന്നുമുള്ള  ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി അലജാൻഡ്രോ മയോർക്കയുടെ ആരോപണങ്ങളാണ് തള്ളിയത്.

ഇതോടെ തെക്കൻ അതിർത്തിയും കുടിയേറ്റ നയവും കൈകാര്യം ചെയ്യുന്ന രീതിയെച്ചൊല്ലി ദീർഘകാലമായി റിപ്പബ്ലിക്കൻ വിമർശനത്തിന് വിധേയനായ മയോർക്കസിനെതിരായ വിചാരണ സെനറ്റർമാർ അവസാനിപ്പിച്ചു. 

സെനറ്റിൽ, റിപ്പബ്ലിക്കൻ അംഗങ്ങളുടെ എതിർപ്പുകൾ നിരസിച്ചുകൊണ്ട് 51 അംഗ ഡെമോക്രാറ്റുകൾ  രണ്ട് ആരോപണങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് തള്ളിക്കളയാൻ വോട്ട് ചെയ്തു.

“അമേരിക്കയെ സുരക്ഷിതമായി നിലനിർത്തുന്നതിനും അതിർത്തിയിൽ യഥാർത്ഥ പരിഹാരങ്ങൾ നടത്തുന്നതിനുമായി പ്രസിഡൻ്റ് ബൈഡനും സെക്രട്ടറി മയോർക്കസും അവരുടെ ജോലികൾ തുടരും, അടിസ്ഥാനരഹിതമായ രാഷ്ട്രീയ സ്റ്റണ്ടുകളിൽ സമയം കളയുന്നതിന് പകരം കോൺഗ്രസിലെ റിപ്പബ്ലിക്കൻമാർ അവരോടൊപ്പം ചേരണം,” വൈറ്റ് ഹൗസ് വക്താവ് ഇയാൻ സാംസ് പറഞ്ഞു.