ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ മോക് പോളിനിടെ കാസർകോട് ചെയ്യാത്ത വോട്ട് ബിജെപിക്ക് പോയെന്ന് ആരോപണം. ഇക്കാര്യം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. ഹർജിക്കാരനായ പ്രശാന്ത് ഭൂഷനാണ് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുടെ വാദത്തിനിടെയാണ് പ്രശാന്ത് ഭൂഷണൻ ഇക്കാര്യം ഉന്നയിച്ചത്. നാല് വോട്ടിംഗ് യന്ത്രങ്ങൾ  ബിജെപിക്ക് അനുകൂലമായി പോൾ ചെയ്തുവെന്ന് ഹർജിക്കാരൻ അറിയിച്ചു. വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതി നിർദ്ദേശം നൽകിയത്. സംഭവത്തിന് പിന്നാലെ യുഡിഎഫും എൽഡിഎഫും ജില്ലാകലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. 

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) ഉപയോഗിച്ച് വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്) സ്ലിപ്പുകൾ വിശദമായി പരിശോധിക്കുന്നതിൻ്റെ ഘട്ടങ്ങൾ വിശദമായി വിശദീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പവിത്രത നിലനിർത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇവിഎമ്മുകൾ ഉപയോഗിച്ചുള്ള വോട്ടുകളുടെ പൂർണമായ ക്രോസ് വെരിഫിക്കേഷൻ വിവിപാറ്റ് ഉപയോഗിച്ച് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്നത്. ഇത് ഒരു സ്വതന്ത്ര വോട്ട് വെരിഫിക്കേഷൻ സംവിധാനമാണ്. നിലവിൽ ഓരോ അസംബ്ലി സെഗ്‌മെൻ്റിലും ക്രമരഹിതമായി തിരഞ്ഞെടുത്ത അഞ്ച് ഇവിഎമ്മുകളിൽ മാത്രമാണ് വിവിപാറ്റ് പരിശോധന നടത്തുന്നത്.

വോട്ട് ചെയ്ത ശേഷം വോട്ടർക്ക് വിവിപാറ്റ് സ്ലിപ്പ് എടുക്കാൻ കഴിയണമെന്ന് കേസിൽ ഹർജിക്കാരിൽ ഒരാൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ നിസാം പാഷ വാദത്തിനിടെ പറഞ്ഞു.