സംസ്ഥാനത്ത് ആശങ്കയേറ്റിയ റെക്കോർഡ് വർധനവിന് പിന്നാലെ സ്വർണവില(Gold rate) ഇടിഞ്ഞു. പവന് ഇന്ന് 240 രൂപ കുറഞ്ഞു. ഇതോടെ ഇന്നത്തെ വിപണി വില 54,120  രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കുറഞ്ഞ് 6,765 രൂപയിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച 54640  എന്ന റെക്കോർഡ് വിലയിലേക്ക് എത്തിയിരുന്നു. ഇതിന് ശേഷം ഒറ്റയടിക്ക് 240 രൂപ കുറഞ്ഞ ആശ്വാസത്തിലാണ് ഉപഭോക്താക്കൾ.

എന്നാൽ ഏപ്രിൽ ഒന്ന് മുതൽ 50,000 ത്തിന് മുകളിൽ സ്വർണവില തുടരുകയാണ്. ഒന്നരമാസത്തിനിടെ 8000 രൂപയോളമാണ് പവന് വർധിച്ചത്. വിഷുവിന് ശേഷമുള്ള രണ്ട് ദിവസങ്ങളിൽ മാത്രം പവന് 1160 രൂപയാണ് കൂടിയത്. കഴിഞ്ഞ കുറെ നാളുകളായി റെക്കോഡ് വിലയിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടത്തുന്നത്. ഏപ്രില്‍ തുടങ്ങിയത് തന്നെ സര്‍വകാല റെക്കോഡോടെയാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ’ (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്.

ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിൻ്റെ ബാങ്ക് നിരക്ക്, മുംബൈയിൽ ലഭ്യമാകുന്ന സ്വർണത്തിൻ്റെ  നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില ഇവർ നിശ്ചയിക്കുന്നത്.