റിയാദ്: സൗദി അറേബ്യയിലെ ജനങ്ങള്‍ ‘ഉറക്കം നഷ്ടപ്പെട്ട’ ജനതയെന്ന് കണ്ടെത്തല്‍. ഉറക്കക്കുറവിന്റെ കാര്യത്തില്‍ ലോകത്ത് മൂന്നാമത്തെ രാജ്യമാണ് സൗദിയെന്നാണ് ഇതുമായി ബന്ധപ്പെട്ട് നടന്ന ഗവേഷണ പഠനം വ്യക്തമാക്കുന്നത്. ജപ്പാനും ദക്ഷിണ കൊറിയയും കഴിഞ്ഞാല്‍ പിന്നെ ഉറക്കക്കുറവിന്റെ കാര്യത്തില്‍ സൗദി അറേബ്യയാണ് ഏറ്റവും മുന്നില്‍.

സൗദി നിവാസികളുടെ ശരാശരി ഉറക്കം ആറ് മുതല്‍ ഏഴു വരെ മണിക്കൂറാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് സ്ലീപ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ വ്യക്തമാവുന്നത്. വ്രതമാസമായ റമദാന്‍ വന്നതോടെ രാത്രിയുള്ള ഉറക്കം വളരെ കുറഞ്ഞതായും എന്നാല്‍ റമദാന്‍ മാസം കഴിഞ്ഞിട്ടും രാത്രി ഉറക്കമൊഴിക്കുന്ന ശീലം പലരും തുടരുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഒരു മാസം രാത്രി ഉറക്കമൊഴിച്ച് ശീലിച്ചവര്‍ക്ക് റമദാനിന് ശേഷം രാത്രി കിടന്നാലും ഉറക്കം വരാത്ത സ്ഥിതിയുണ്ട്. ഇത് എത്രയും വേഗം മാറ്റിയെടുക്കണമെന്നും ഡോ. മനാ അല്‍ ശഹ്‌റാനി പറഞ്ഞു.

റമദാനിലെ അവസാന രാത്രികളില്‍ 24 മണിക്കൂറും ഉറക്കമൊഴിച്ച് ശീലിച്ചവരാണ് പലരും. ആ ശീലം തുടര്‍ന്നു പോവുന്നത് അപകടമാണ്. അത്തരം തുടര്‍ച്ചയായ ഉറക്കക്കുറവ് ശാരീരിക ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നും ഡോക്ടര്‍ വിശദീകരിച്ചു. മദ്യപാനം ശരീരത്തിനും മനസ്സിനും ഉണ്ടാക്കുന്ന ആഘാതത്തിന് സമാനമായ പ്രശ്‌നങ്ങള്‍ക്ക് ഉറക്കക്കുറവ് കാരണമാവും.

അതേസമയം, രാത്രി ഉറക്കമില്ലാത്ത അവസ്ഥ പരിഹരിക്കാന്‍ വലിയ തോതില്‍ ഉറക്ക ഗുളികകളെ ആശ്രയിക്കുന്ന രീതി അതിനേക്കാള്‍ അപകടമാണെന്നാണ് ഡോ. മനായുടെ പക്ഷം. അത് മനസ്സിനും ശരീരത്തിനും കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവും. അതിന് പകരം മരുന്നില്ലാതെ തന്നെ ഉറങ്ങാനുള്ള രീതികള്‍ അവലംബിക്കുകയാണ് വേണ്ടത്. ഇത് സാധിക്കാത്തവര്‍ അവസാന ആശ്രയമെന്ന നിലയ്ക്ക് മാത്രമേ ഗുളികളിലേക്ക് തിരിയാവൂ. അടിയന്തര ഘട്ടത്തില്‍ ചെറിയ ഡോസ് മരുന്നുകള്‍ മാത്രമേ കഴിക്കാവൂ എന്നും ഡോ. മനാ മുന്നറിയിപ്പ് നല്‍കി.

ജപ്പാന്‍, ദക്ഷിണ കൊറിയ, സൗദി അറേബ്യ, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ ശരാശരി ഒരു ദിവസം ആറര മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. അതേസമയം, ആഗോളതലത്തില്‍, ഉറക്കത്തിന്റെ ശരാശരി ദൈര്‍ഘ്യം 7 മണിക്കൂറും 12 മിനിറ്റുമാണ്. ന്യൂസിലാന്‍ഡുകാരാണ് ഏറ്റവും കൂടുതല്‍ സമയം ഉറങ്ങുന്നതെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. അവര്‍ പ്രതിദിനം ശരാശരി 7 മണിക്കൂറും 40 മിനിറ്റുമാണ് ഉറങ്ങുന്നത്.