തിരുവനന്തപുരം: ഭവനരഹിതരില്ലാത്ത കേരളം എന്നതാണ് സംസ്ഥാന സർക്കാരിന്റെ മുദ്രാവാക്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം സ്വപ്ന സാക്ഷാൽക്കാരത്തോട് അടുക്കുകയാണ്. നാലുലക്ഷം വീടുകൾ എന്ന നാഴികക്കല്ല് കേരളം പൂർത്തിയാക്കി. കൃത്യമായി പറഞ്ഞാൽ ഇതുവരെ പൂർത്തീകരിച്ചത് 4,03,558 വീടുകളാണ്. 1,00,052 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗുണഭോക്താക്കളുടെ ആകെ എണ്ണം 5,03,610 ആണ്. ഇതിൽ എന്താണ് കേന്ദ്രത്തിന്റെ പങ്കാളിത്തം? പൂർത്തീകരിച്ച നാലു ലക്ഷം വീടുകളിൽ പി.എം.എ.വൈ ഗ്രാമീൺ പദ്ധതി വഴി 33,517 വീടുകൾക്കും (72,000 രൂപ വീതം ) പി.എം.എ.വൈ അർബൻ വഴി 83261 വീടുകൾക്കും (1,50,000 രൂപ വീതം )മാത്രമാണ് കേന്ദ്ര സഹായം ലഭിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ലൈഫ് മിഷൻ ഇതുവരെ ആകെ ചെലവഴിച്ചത് 17490.33 കോടി രൂപയാണ്. അതിലെ കേന്ദ്ര വിഹിതം 2081.69 കോടി രൂപ മാത്രം. അതായത് 11.9 % മാത്രമാണ് പി.എം.എ.വൈ വഴി ലഭിച്ച കേന്ദ്ര സഹായം. രണ്ടു പദ്ധതികളിലെയും ഗുണഭോക്താക്കള്‍ക്ക് ബാക്കി സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എഴുപത് ശതമാനം വീടുകളും പൂര്‍ണമായി സംസ്ഥാന സര്‍ക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചെലവിലാണ് നിര്‍മിച്ചത്. എന്നിട്ടും ലൈഫ് മിഷൻ മുഴുവൻ കേന്ദ്ര സഹായമാണെന്ന് പറഞ്ഞു നടക്കുകയാണ് സംഘപരിവാർ കേന്ദ്രങ്ങൾ. അത് തന്നെയാണ് പ്രധാനമന്ത്രി കേരളത്തിൽ വന്ന് പറഞ്ഞതും പ്രകടന പത്രികയിൽ ആവർത്തിച്ചതും. സംസ്ഥാനം ഉണ്ടാക്കിയ നേട്ടത്തിന് മേൽ കേന്ദ്രത്തിന്റെ ബ്രാൻഡിങ് വേണമെന്നാണ് ആവശ്യം. കേരളത്തിന്റെ അനുഭവം ഇതാണെങ്കിൽ, മറ്റു സംസ്ഥാനങ്ങളുടെ കാര്യം ഊഹിക്കാവുന്നതേ ഉള്ളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

യുവജനങ്ങളോടുള്ള സമീപനമോ? തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ നരേന്ദ്ര മോദി സർക്കാർ തയ്യാറല്ല. തൊഴിലില്ലായ്മ സംബന്ധിച്ച സർവ്വേ റിപ്പോർട്ടുകൾ പുറത്തു വരാതിരിക്കാൻ കാട്ടിയ വ്യഗ്രതയാണ് “നേട്ടം”. തൊഴിലുള്ള ഇന്ത്യക്കാരുടെ എണ്ണം 2013-ൽ 44 കോടിയായിരുന്നെങ്കിൽ 2021 ആയപ്പോഴേയ്ക്കും 38 കോടിയായി കുറഞ്ഞു. അതേ സമയം തൊഴിലെടുക്കാൻ സാധ്യമായ പ്രായമുള്ളവരുടെ എണ്ണം 79 കോടിയിൽ നിന്നും 106 കോടിയായി ഉയരുകയും ചെയ്തു. തൊഴിലെടുക്കുന്നവരിൽ സ്ത്രീകളുടെ ശതമാനം 2013-ൽ 36 ശതമാനം ആയിരുന്നെങ്കിൽ 2021 ആയപ്പോൾ അത് 9.24 ശതമാനം ആയി കുറഞ്ഞു. സ്ഥിരം തൊഴിൽ ഒരു സ്വപ്നം പോലും അല്ലാതായി മാറി. എട്ടുവർഷംകൊണ്ട് (2014-2022) കേന്ദ്ര ഗവൺമെന്റ് സർക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ഉദ്യോഗം നൽകിയത് വെറും 7.22 ലക്ഷം പേർക്കാണ്. പുതുതായി ഒരു തസ്തികയും സൃഷ്ടിച്ചിട്ടില്ല. കേന്ദ്ര സർവീസിലും പൊതുമേഖല സ്ഥാപനങ്ങളിലുമായി നിലവിലുള്ള 10 ലക്ഷത്തോളം തസ്തികളിൽ നിയമനം മരവിപ്പിച്ചു.

റെയിൽവേയിൽ മാത്രം മൂന്നുലക്ഷം ഒഴിവുകളാണ് നികത്താതെ ഇട്ടിരിക്കുന്നത്. പട്ടാളത്തിൽ പോലും സ്ഥിരം തൊഴിലുകൾ ഇല്ലാതാക്കി കരാർ നിയമനങ്ങൾ കൊണ്ടുവരുന്നു. യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ഉത്തരവാദിത്തത്തിൽ നിന്നും സർക്കാർ പതുക്കെ പിന്മാറുകയാണ്. വർഷം രണ്ടുകോടി പുതിയ തൊഴിലുകൾ സൃഷ്ടിക്കും എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപിയുടെ പ്രകടനമാണിതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.