ദുബായ്: അപ്രതീക്ഷിതമായെത്തിയ പേമാരിയില്‍ വിറങ്ങലിച്ച് യുഎഇ. ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ രാജ്യത്തെ ജനജീവിതത്തെ വലിയ തോതില്‍ ബാധിച്ചു. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം തകരാറിലാവുകയും വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. പലയിടങ്ങളും റോഡുകള്‍ അടച്ചു. ദുബായ് മെട്രോയും ഏറെ നേരം നിശ്ചലമായി. അതിനിടെ, റാസല്‍ഖൈമയിലെ ഒരു വാദിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് ചൊവ്വാഴ്ച എമിറാത്തി പൗരന്‍ മരിച്ചതായി എമിറേറ്റ് പോലീസ് അറിയിച്ചു. എമിറേറ്റിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന വാദി ഇസ്ഫാനി വാഹനത്തില്‍ മുറിച്ചുകടക്കാന്‍ ശ്രമിച്ച 40 വയസ്സുകാരനാണ് മരിച്ചത്.

ദുബായ്ക്കു പുറമെ, റാസല്‍ ഖൈമ, അജ്മാന്‍, ഷാര്‍ജ എന്നിവിടങ്ങളിലാണ് മഴ രൂക്ഷമായ രീതിയില്‍ അനുഭവപ്പെട്ടത്. യുഎഇയില്‍ പെയ്യുന്ന ശക്തമായ മഴ ബുധനാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച ആലിപ്പഴവര്‍ഷത്തോടൊപ്പമുള്ള കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റും സ്ഥിതിഗതികള്‍ ഏറെ ദുസ്സഹമാക്കി. വിവിധ എമിറേറ്റുകളില്‍ രൂപപ്പെട്ട മുന്നല്‍ പ്രളയം ഇവിടങ്ങളിലെ ജനജീവിതം നിശ്ചലമാക്കി.

ശക്തമായ മഴയെ തുടര്‍ന്ന് വിദ്യാലയങ്ങളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ഒഴിവാക്കി. പകരം ഓണ്‍ലൈന്‍ രീതിയിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യയമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പ്രതികൂല കാലാവസ്ഥയില്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ആരോഗ്യ, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് യുഎഇ മനുഷ്യവിഭവ സ്വദേശിവല്‍ക്കരണ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.