വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെകെ ഷൈലജയ്ക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ പോലീസ് കേസെടുത്തു. മുസ്ലീം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് ന്യൂമാഹി പോലീസ് കേസെടുത്തത്. കെകെ ഷൈലജയ്ക്കെതിരെ മങ്ങാട് സ്നേഹതീരം എന്ന വാട്സാപ്പ് ഗ്രൂപ്പിൽ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി.

വടകരയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ തനിക്കെതിരെ വലിയതോതിൽ വ്യക്തിയധിക്ഷേപവും അപവാദ പ്രചാരണവും നടക്കുന്നുവെന്ന് കാട്ടി കെകെ ഷൈലജ പോലീസിൽ പരാതി നൽകിയിരുന്നു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരായ നടപടി. കലാപാഹ്വാനം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിൽ തന്നെ വ്യക്തിഹത്യ ചെയ്യുവെന്നായിരുന്നു കെകെ ഷൈലജയുടെ ആരോപണം. യുഡിഎഫ് സ്ഥാനാർഥിയുടെ അറിവോടെയാണ് തനിക്കെതിരായ വ്യാജ പ്രചാരണമെന്ന് ഷൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. വ്യാജ വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിക്കുന്നതായും പരാതിയിൽ പറഞ്ഞ കെകെ ഷൈലജ ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. പോലീസിൽ പരാതി നൽകിയെങ്കിലും വേണ്ട നടപടി സ്വീകരിക്കാത്തതിനാലാണ് കമ്മീഷനെ സമീപിച്ചതെന്നും തക്ക നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.

സംഭവത്തിൽ വാർത്താ സമ്മേളനം നടത്തിയ കെകെ ഷൈലജ ഷാഫി പറമ്പിലിനും കോൺഗ്രസിൻ്റെ മീഡിയ വിങ്ങിനുമെതിരെ രംഗത്തെത്തിയിരുന്നു