പക്ഷാഘാതത്തിന്റെ വക്കിൽ നിന്ന് ജീവിതം അത്ഭുതകരമായി തിരികെ പിടിച്ച പോരാട്ടമാണ് ആർക്കിടെക്റ്റായ ശങ്കറിന്റേത്. വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ചെയർമാനാണ് ജി ശങ്കർ എന്ന ഗോപാൽ ശങ്കർ. കേരളത്തിൽ എണ്ണപ്പെട്ട പ്രമുഖ വാസ്തുവിദഗ്ധരിലൊരാൾ. പക്ഷെ ആരോഗ്യപരമായ തിരിച്ചടികൾ ആർക്കും എങ്ങനെയും എപ്പോഴും വരാമെന്ന മുന്നറിയിപ്പാണ് തനിക്ക് നേരിട്ട അനുഭവമെന്ന് ശങ്കർ പറയുന്നു. തിരക്കുകൾക്കിടയിൽ ജീവിക്കാൻ മറന്നുപോയ ആളാണ് ഞാൻ. അങ്ങനെ ഒരു അവസ്ഥ നിങ്ങൾക്കുണ്ടാകരുത്. അത് മാത്രമാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്.

പക്ഷാഘാതത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമിക്കുമ്പോൾ താൻ കടന്നുപോയ പ്രതിസന്ധികളേപ്പറ്റി ശങ്കർ ഓർമിച്ചെടുക്കുകയാണ്. 

ഏപ്രിൽ നാലിനാണ് തളർത്തിയിടാൻ പക്ഷാഘാതത്തിന്റെ രൂപത്തിൽ വിധിയെത്തിയത്. നാലാം തീയതി ഞാൻ തിരികെ വീട്ടിലേക്കു കാർ മാർഗം കോയമ്പത്തൂരിൽ നിന്നും ഉച്ചക്ക് യാത്ര തിരിച്ചു. അതിന് മുമ്പുവരെ തുടർച്ചയായി രണ്ടാഴ്ച നിരന്തരം യാത്രയിലായിരുന്നു. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ അങ്ങനെയൊക്കെ. ജോലിയുടെ ആവശ്യത്തിനും ഫാമിലി ആവശ്യങ്ങൾക്കുമൊക്കെയായിട്ട്. തുടർച്ചയായി യാത്ര ആയതുകൊണ്ട് തന്നെ ക്ഷീണിതനായിരുന്നു. അങ്കമാലിയിൽ നിന്നും പാലാ വഴി കോന്നിയിൽ എത്തുമ്പോൾ രാത്രി ഏഴര മണി കഴിഞ്ഞിട്ടുണ്ടാകും. ആ സമയത്ത് ചെറുതായി മഴ ചാറുന്നുണ്ട്. കൂടെ ഭാര്യ സുഗതയുമുണ്ട്. മഴയത്ത് യാത്ര തുടരുന്നതിനിടെ ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

സംസാരിക്കുന്നതിനിടെ നാവ് കുഴയുന്നത് സുഗതയാണ് പെട്ടെന്ന് തിരിച്ചറിഞ്ഞത്. പ്രധാനമായും ചുഴി എന്ന വാക്ക് ഉച്ചരിക്കുവാൻ കഴിഞ്ഞില്ല.. ഇതിന്റെ കൂടെ സ്പൈറൽ എന്ന വാക്കും പറയുന്നതിൽ ബുദ്ധിമുട്ട് സുഗത ശ്രദ്ധിച്ചു. വീണ്ടും സംസാരത്തിൽ മാറ്റങ്ങൾ വരുന്നുവെന്ന് കണ്ടതോടെ സുഗതയ്ക്ക് ആശങ്കയായി. ആശങ്കയോടെ സുഗത ഇക്കാര്യം പറഞ്ഞപ്പോഴേക്കും സംസാരത്തിലെ ബുദ്ധിമുട്ടുകൾ എനിക്കും വ്യക്തമായി. വീണ്ടും അതേ വാക്കുകൾ പറയാൻ ശ്രമിച്ചപ്പോഴേക്കും വാക്കുകൾ അക്ഷരങ്ങൾ മുറിയുന്നത് ഞാനും ഞെട്ടലോടെ തിരിച്ചറിഞ്ഞു.

ഡ്രൈവർ അടുത്ത ക്ലിനിക് കണ്ടുപിടിച്ചു. 500 മീറ്റർ അകലെ ഒരു ചെറിയ മെഡിക്കൽ ഫെസിലിറ്റി ഉണ്ടായിരുന്നു. അവിടെ മാലാഖയെപ്പോലെ കന്യാസ്ത്രീയായ ഡോക്ടർ. പേര് ചോദിച്ചപ്പോൾ പറയുവാൻ ഞാൻ ബുദ്ധിമുട്ടി. അവർ എന്നെ സമാശ്വസിപ്പിച്ച് കൊണ്ട് അരമണിക്കൂറിനുള്ളിൽ മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് പറഞ്ഞ് അവർ തിരുവല്ലയിലെത്താൻ നിർദ്ദേശിച്ചു. ഇതിനകം അവിടെ നിന്ന് ആംബുലൻസ് ഏർപ്പാടാക്കി. ഫോൺ സന്ദേശങ്ങൾ തലങ്ങനെയും വിലങ്ങനെയും പാഞ്ഞു. ഇതിനിടയിൽ എന്റെ രക്ത സമ്മർദ്ദം 200 കടന്നിരുന്നു. അതിന് വേണ്ടിയുള്ള മരുന്ന് കുത്തിവെച്ചു.

തിരുവല്ലയിലേക്ക് കോന്നിയിൽ നിന്ന് 44 കിലോമീറ്ററുണ്ട്. അരമണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തി. അവിടെ എത്തിയപ്പോഴേക്കും സംസാരിക്കാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ശങ്കർ എന്ന് ഞാൻ പറഞ്ഞെങ്കിലും അത് വ്യക്തമായിരുന്നില്ല. ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ ന്യൂറോ സർജൻ അടക്കം എല്ലാ വിദഗ്ധരും സർവ്വ സജ്ജരായി കാത്തുനിന്നിരുന്നു. അവിടെ എത്തിയപ്പോഴേക്കും എന്റെ ചുണ്ട് കോടിത്തുടങ്ങിയത് എനിക്ക് തന്നെ മനസിലായിരുന്നു. അവിടെനിന്ന് നേരെ സ്കാനിങ്ങിന് കേറ്റി. മസ്തിഷ്കാഘാതം സംഭവിച്ചിരിക്കുന്നുവെന്ന് വ്യക്തമായി. മരുന്ന് സ്റ്റാർട്ട് ചെയ്തു. പിന്നെ ഐസിയുവിലേക്ക്. 

ഞാൻ ആശുപത്രിയിലെത്തിയതും ചികിത്സ തുടങ്ങിയതുമൊക്കെ ഗോൾഡൻ നിമിഷങ്ങൾ എന്ന് പറയാറില്ലെ ആ സമയത്തിനുള്ളിലാണ്. അത് എനിക്ക് കിട്ടിയ സൗഭാഗ്യമായാണ് ഞാൻ കാണുന്നത്. എന്നെ സ്നേഹിക്കുന്നവരുടെയും കൂടെയുള്ളവരുടെയും പ്രാർഥനയുമൊക്കെ കൂടെയുണ്ടായിരുന്നു. ഒരു തിരിച്ചടിയുണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു. കാരണം അത്രത്തോളം സമ്മർദ്ദങ്ങളിലുടെയും തിരിച്ചടികളിലൂടെയുമാണ് ആ സമയങ്ങളിൽ ഞാൻ കടന്നുപോയിരുന്നത്. എല്ലാവർക്കും നല്ലത് വരണമെന്ന് മാത്രമാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. ആരെയും അറിഞ്ഞുകൊണ്ട് മനപൂർവം ദ്രോഹിക്കാൻ ശ്രമിച്ചിട്ടുമില്ല. 

ജീവിക്കാൻ മറന്നുപോയ ആളാണ് ഞാൻ. പുതിയ ഉത്തരവാദിത്തങ്ങളും ടാസ്കുകളുടെയും പുറകെയുള്ള യാത്ര. ജീവിതത്തിലെ ഓരോ ചെറിയ സന്തോഷങ്ങളെയും അനുഭവിക്കാനും ആസ്വദിക്കാനും തയ്യാറാകണമെന്ന വലിയ പാഠമാണ് എനിക്ക് ഇതിലൂടെ ലഭിച്ചത്. നിങ്ങളോടും അത് തന്നെയാണ് പറയാനുള്ളത്. പ്രത്യേകിച്ചും തിരക്കുപിടിച്ച ജോലിക്ക് വേണ്ടി മറ്റെല്ലാം മറന്ന് പോകുന്നവരാണ് നിങ്ങളിലധികവും. ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒന്ന്. കരുതിയിരിക്കുക, പ്രതിരോധം തീർക്കുക. ജീവിതത്തെ സന്തോഷപ്രദമാക്കുക