സിവിൽ സർവീസ് പരീക്ഷയിൽ നാലാം റാങ്ക് നേട്ടവുമായി കൊച്ചിക്കാരുടെ അഭിമാനമാവുകയാണ് സിദ്ധാർത്ഥ് രാംകുമാർ. 2019-ൽ ആർക്കിടെക്ചർ ബിരുദം പൂർത്തിയാക്കിയ സിദ്ധാർത്ഥ് അന്നു മുതൽ സിവിൽ സർവീസ് മോഹത്തിന് പിന്നാലെയായിരുന്നു. അഞ്ച് തവണയാണ് സിദ്ധാർത്ഥ് പരീക്ഷ എഴുതിയത്. ആദ്യത്തെ തവണ പ്രിലിമിനറി പോലും കടക്കാതിരുന്ന സിദ്ധാർത്ഥ് പിന്നീട് തുടർച്ചയായി മൂന്ന് വർഷമാണ് ലിസ്റ്റിൽ ഇടം പിടിച്ചത്. ഓരോ തവണയും സ്വന്തം റാങ്ക് മെച്ചപ്പെടുത്താനും സിദ്ധാർത്ഥിനായി. ഐപിഎസ് ട്രെയിനിങ്ങിലിരിക്കെയാണ് പുതിയ നേട്ടം.

2019ൽ സിവിൽ സർവീസ് പരീക്ഷ എഴുതിത്തുടങ്ങുമ്പോൾ ആദ്യ കടമ്പയായ പ്രിലിമിനറി പോലും കടക്കാൻ സിദ്ധാർത്ഥിനായില്ല. എന്നാൽ ഐ.എ.എസ് മോഹം ഉള്ളിലുള്ള സിദ്ധാർത്ഥ് ആത്മവിശ്വാസത്തോടെ പഠിച്ച് 2020-ൽ വീണ്ടും പരീക്ഷ എഴുതി. ഇത്തവണ റാങ്ക് ലിസ്റ്റിന് പകരം റിസർവ് ലിസ്റ്റിലാണ് ഇടം പിടിക്കാനായതെങ്കിലും ഇന്ത്യൻ പോസ്റ്റ് ആൻഡ് ടെലികോം അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് സർവീസിൽ ജോലി ലഭിച്ചു. സിവിൽ സർവീസ് മോഹം ഒപ്പംകൂട്ടിയാണ് സിദ്ധാർത്ഥ് ജോലിക്ക് കയറിയത്. ജോലിക്കിടയിലും കൃത്യമായ പഠനത്തിനും പരിശീലനത്തിനും സമയം കണ്ടെത്താനും സിദ്ധാർത്ഥ് മറന്നില്ല. കഠിനപരിശ്രമത്തിന് 2021-ലെ സിവിൽ സർവീസ് പരീക്ഷാഫലത്തിൽ 181-ാം റാങ്കാണ് സിദ്ധാർത്ഥിനെ തേടിയെത്തിയത്. 2022-ൽ പരീക്ഷാഫലം പുറത്തുവന്നപ്പോൾ 121-ാം റാങ്ക് നേട്ടമാണ് സിദ്ധാർത്ഥിനെ തേടിയെത്തിയത്. പലരും ജോലി രാജി വെച്ച് പഠിക്കാനിരിക്കുമ്പോൾ ജോലിക്കൊപ്പം പഠിക്കുക എന്ന രീതിയാണ് സിദ്ധാർത്ഥ് സ്വീകരിച്ചത്.