ചൂടത്ത് തണ്ണിമത്തൻ വാങ്ങുന്നവരുടെ എണ്ണത്തിൽ നല്ല വർധനവാണ് ഉണ്ടായിരിക്കുന്നത്. സാദാതണ്ണിമത്തൻ, കുരു അധികമില്ലാത്ത കിരൺ, മഞ്ഞനിറത്തിലുള്ളവ, അകം മഞ്ഞനിറത്തിലുള്ളവ എന്നിവയാണ് പ്രധാനമായും വിപണിയിലുള്ളത്. ആവശ്യക്കാരേറിയതോടെ മൂപ്പെത്താത്തതും മരുന്നുകൾ കുത്തിവച്ചതുമായ തണ്ണിമത്തൻ കച്ചവടക്കാർ വിപണിയിലെത്തുന്നതായി പല കോണിൽ നിന്നും പരാതി ഉയർന്നിരുന്നു. മൂപ്പെത്താത്ത തണ്ണിമത്തന് മധുരവും കുറവായിരിക്കുമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഇത്തരം തണ്ണിമത്തനുകൾ വാങ്ങി അബദ്ധം പറ്റിയവരും ഏറെയുണ്ടാകും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൂർണമായും അല്ലെങ്കിലും ഒരു പരിധി വരെ പറ്റിക്കപ്പെടാതിരിക്കാൻ സാധിക്കും.

തണ്ണിമത്തൻ തൊലിയിലെ വ്യത്യാസങ്ങൾ ശ്രദ്ധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇളം നിറത്തിലും കടും നിറത്തിലുമൊക്കെയുള്ള തണ്ണിമത്തൻ വിപണിയിലുണ്ട്. കടും പച്ച നിറത്തിലുള്ളതാണെങ്കിൽ ഇത് നന്നായി വിളഞ്ഞതാണെന്ന് സൂചിപ്പിക്കുന്നു. പച്ചയും മഞ്ഞയും നിറമാണെങ്കിലും വിളഞ്ഞിട്ടുണ്ടെന്നാണ് അർത്ഥം. മഞ്ഞയ്ക്ക് പകരം വെള്ള നിറമാണെങ്കിൽ അത് വാങ്ങാതിരിക്കുന്നതാകും നല്ലത്.

ഒരേ പോലുള്ള രണ്ട് തണ്ണിമത്തനുകൾ കൈയിലെടുക്കുക. ഇതിൽ ഭാരക്കൂടുതലുള്ളവ തിരഞ്ഞെടുക്കുന്നതാവും നല്ലത്. പഴുത്തിരിക്കുന്നതാണെങ്കിൽ കുറച്ച് ഭാരം തോന്നിക്കും. മാത്രമല്ല ഇതിൽ ജലാംശവും കൂടുതലായിരിക്കും. തണ്ണിമത്തന്റെ മുകൾ ഭാഗത്ത് വിരൽകൊണ്ട് തട്ടിനോക്കുന്നത് കണ്ടിട്ടുണ്ടോ. ഇങ്ങനെ ചെയ്താൽ കേൾക്കുന്ന ശബ്ദമനുസരിച്ച് തണ്ണിമത്തന്റെ ഗുണമേന്മ അറിയാൻ സാധിക്കും. ആഴത്തിലുള്ള ശബ്ദമാണ് കേൾക്കുന്നതെങ്കിൽ വിളഞ്ഞതായിരിക്കും. തണ്ണിമത്തൻ ഒന്ന് മണത്തുനോക്കുക. ചെറുതായൊരു സ്വീറ്റ് മണം ലഭിക്കുകയാണെങ്കിൽ ധൈര്യമായി വാങ്ങാം.