ഡാളസ്: ഗാർലാൻഡ് സെന്റ് തോമസ് സീറോമലബാർ പള്ളിയിൽ നിറഞ്ഞ സദസിൽ “ദി ഹോപ്പ്’ എന്ന മലയാളം ഫീച്ചർ ഫിലിം സൗജന്യമായി പ്രദർശിപ്പിച്ചു. ക്രിസ്തീയ വിശ്വാസത്തിനു ഊന്നൽ നൽകി നിർമിച്ച ചിത്രം നിർമിച്ചിരിക്കുന്നത് ലോഗോ ഫിലിംസിന്റെ ബാനറിൽ ജോയ് കല്ലൂക്കാരനാണ്.
രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന ചിത്രം കാണികളെ ചിന്തിപ്പിക്കുന്നതിനും വിശ്വാസത്തിൽ ഉറപ്പിക്കുന്നതിനും മതിയായ ചേരുവകൾ ചേർത്താണ് നിർമിച്ചിരിക്കുന്നത്.
മൂന്നു കോടി രൂപ ചെലവഴിച്ചു നിർമിച്ച “ദി ഹോപ്പ്’ ഇതുവരെ ഔദ്യോഗികമായി പ്രദർശനം ആരംഭിച്ചിട്ടില്ലെന്നും നിരവധി സ്ഥലങ്ങളിൽ സൗജന്യമായി പ്രദർശിപ്പിക്കുവാൻ അവസരം ലഭിച്ചെന്നും ജോയ് കല്ലൂക്കാരൻ ആമുഖപ്രസംഗത്തിൽ പറഞ്ഞു.
ലോഗോ ഫിലിംസ് എന്ന പേരിൽ ഒരു കമ്പനി തുടങ്ങി പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി മുന്നോട്ടു കൊണ്ടു പോകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. സെന്റ് തോമസ് സീറോമലബാർ പള്ളി വികാരി ഫാ. ജോൺ മേലേപ്പുറം ഇടവകയ്ക്ക് വേണ്ടി നന്ദി പറഞ്ഞു.
സണ്ണി കൊച്ചുപറമ്പിൽ, ടോണി നെല്ലുവെലിൽ, ബെന്നി ജോൺ എന്നിവരാണ് ഇതിന്റെ പ്രവർത്തനം വിജയിപ്പിക്കുന്നതിന്റെ പിന്നിൽ സജീവമായി പ്രവർത്തിച്ചത്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ സിനിമയെ കുറിച്ച് നല്ല അഭിപ്രായം പങ്കുവച്ചു.
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നിർമ്മിച്ച ഈ ചിത്രം അതിന്റെ ഉദ്ദേശം വിജയകരമായി നടപ്പാക്കിയെന്ന് കേരളം ലിറ്റററി സൊസൈറ്റി വൈസ് പ്രസിഡന്റ് സിജു വി. ജോർജ് അഭിപ്രായപ്പെട്ടു.