സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ തിങ്കളാഴ്ച പള്ളിക്ക് നേരെയുണ്ടായ ആക്രമണം ഭീകരാക്രമണമെന്ന് പോലീസ്. തിങ്കളാഴ്ചയാണ് പതിനാറുകാരൻ ബിഷപ്പിനെയും വൈദികരെയും വിശ്വാസികളെയും കുർബ്ബാനക്കിടെ ആക്രമിച്ചത്. 

തിങ്കളാഴ്ച അസീറിയൻ ക്രൈ ദ ഗുഡ് ഷെപ്പേർഡ് പള്ളിയിൽ നടന്ന ഈ സംഭവം മതവികാരം വ്രണപ്പെടുത്തിയുള്ള ഭീകരാക്രമണമാണെന്നാണ് ഓസ്‌ട്രേലിയൻ പോലീസിൻ്റെ നിരീക്ഷണം. 

പള്ളിക്കകത്തെ കത്തി ആക്രമണത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പള്ളിയുടെ തത്സമയ സംപ്രേക്ഷണത്തിലും ആക്രമണം ദൃശ്യമായിരുന്നു.   

മാർ മാരി എമ്മാനുവൽ എന്ന ബിഷപ്പിന് നേരെയാണ് ആക്രമണമുണ്ടായത്. കൊവിഡ് വാക്സിൻ വിരുദ്ധ നിലപാടുകൊണ്ടും ലോക്ഡൌൺ വിരുദ്ധ നിലപാടുകൾക്കും മഹാമാരിക്കാലത്ത് ബിഷപ്പ് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

അതേസമയം ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സിഡ്നിയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ചെറുനഗരത്തിൽ നിരവധി പേരാണ് പൊലീസുമായി വാക്കേറ്റത്തിലേർപ്പെട്ടത്. പരിക്കേറ്റ അക്രമിയ്ക്ക് പള്ളിക്കുള്ളിൽ വച്ച് തന്നെ ചികിത്സ നൽകുന്നതിനിടെ നിരവധി പേരാണ് പ്രതിഷേധവുമായി ഇവിടേക്ക് സംഘടിച്ചെത്തിയത്.