തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ സന്ദേശം പങ്കുവെച്ച് ആം ആദ്മി പാർട്ടി (എഎപി) എംപി സഞ്ജയ് സിംഗ്. താൻ തീവ്രവാദിയല്ലെന്നും തൻ്റെ പേര് അരവിന്ദ് കെജ്രിവാൾ എന്നാണെന്നുമായിരുന്നു സന്ദേശം. ഇതോടെ  അരവിന്ദ് കെജ്രിവാളിൻ്റെ മനോവീര്യം തകർക്കാൻ 24 മണിക്കൂറും ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് എഎപി എംപി ആരോപിച്ചു.

ഡൽഹി മദ്യനയ കേസിൽ മാർച്ച് 21ന് ആണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇപ്പോൾ അദ്ദേഹത്തിൻ്റെ സന്ദേശം ഉയർത്തി കേന്ദ്രത്തിനെതിരെ രംഗത്തുവരികയാണ് എഎപി. 

‘എൻ്റെ പേര് അരവിന്ദ് കെജ്‌രിവാൾ, ഞാൻ തീവ്രവാദിയല്ല’ എന്ന സന്ദേശം ജയിലിൽ നിന്ന് അയച്ചു,” സിംഗ് പത്രസമ്മേളനത്തിൽ പറഞ്ഞു. “അദ്ദേഹത്തെ ഒരു തീവ്രവാദിയായി കണക്കാക്കുന്നു. ഇത് പകപോക്കൽ രാഷ്ട്രീയമാണ്. അരവിന്ദ് കെജ്രിവാൾ ശക്തനായി പുറത്തുവരും,” അദ്ദേഹം കൂട്ടിച്ചേർത്തു