വിനീത് ശ്രീനിവാസൻ (Vineeth Sreenivasan) സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം (Varshangalkkushesham) തിയേറ്ററിൽ ഗംഭീര പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan), പ്രണവ് മോഹൻലാൽ (Pranav Mohanlal), നിവിൻ പോളി (Nivin Pauly) തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സിനിമയെന്ന മോഹത്തിലേക്കുള്ള ഒരു സൌഹൃദയാത്രയാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ സിനിമ കണ്ട് അഭിപ്രായം പങ്കുവെയ്ക്കുകയാണ് മോഹൻലാൽ.

വർഷങ്ങൾക്കു ശേഷം കണ്ടതിന് ശേഷം താൻ തന്റെ പഴയകാലങ്ങളിലേക്ക് പോയയെന്ന് മോഹൻലാൽ പറയുന്നു. നേട്ടങ്ങൾക്ക് നടുവിൽ നിന്ന് അങ്ങിനെ തിരിഞ്ഞു നോക്കുമ്പോൾ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായം കാണാമെന്നും താരം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മോഹൻലാലിന്റെ പ്രതികരണം. 

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ  ‘കടന്നു പോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടോ? എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്ക് നടുവിൽ നിന്ന് അങ്ങിനെ തിരിഞ്ഞു നോക്കുമ്പോൾ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായം കാണാം. വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി. 

കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനരാവിഷ്കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം ഉണ്ടാകുന്ന ഊരിവരുന്ന ഒറു ചിരി (philosophical smile) ഈ സിനിമ കാത്തു വച്ചിരിക്കുന്നു. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും എന്റെ നന്ദി, സ്നേഹപൂർവ്വം മോഹൻലാൽ’ താരം കുറിച്ചു.