തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയുള്ള മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശത്തെത്തുടർന്നുണ്ടായ വിവാദം കേരളത്തിൽനിന്നുള്ള മാലദ്വീപ് യാത്രയെ ബാധിക്കില്ല. കേരളത്തിൽനിന്ന് അത്രയധികം വിനോദസഞ്ചാരികൾ യാത്രചെയ്യാനില്ലാത്തതിനാൽ മാലദ്വീപിലേക്കുള്ള ടിക്കറ്റ് റദ്ദാക്കലും ഇവിടെയുണ്ടായിട്ടില്ല. മാലദ്വീപ് സ്വദേശികളാണ് കേരളത്തിലേക്കു കൂടുതലുമെത്തുന്നത്. നിലവിൽ ഇവരുടെ യാത്രയ്ക്കു നിയന്ത്രണങ്ങളില്ല.

തിരുവനന്തപുരത്തുനിന്ന് മാലദ്വീവിയൻ എയർലൈൻസും കൊച്ചിയിൽനിന്ന് മാലദ്വീവിയൻ ഇൻഡിഗോയുമാണ് മാലദ്വീപിലേക്കു വിമാന സർവീസ് നടത്തുന്നത്. മാലദ്വീപിലേക്ക്‌ തിരുവനന്തപുരത്തുനിന്ന് ആഴ്ചയിൽ നാലു സർവീസാണുള്ളത്. കേരളത്തിൽ വിദഗ്ദ്ധചികിത്സയ്ക്കും മറ്റുമായെത്തുന്ന മാലദ്വീപ് പൗരന്മാരും അവിടെ ജോലിചെയ്യുന്ന മലയാളികളുമാണ് മാലദ്വീപിലേക്കു സ്ഥിരമായി യാത്രചെയ്യാറുള്ളത്.

ശരാശരി 150 യാത്രക്കാരാണ് നിത്യവും തിരുവനന്തപുരത്തേെക്കത്തുന്നതും മടങ്ങുന്നതും. ഇവരിൽ 95 ശതമാനം പേരും മാലദ്വീപ് പൗരന്മാരാണ്. മെഡിക്കൽ കോളേജ്, ഇതിനടുത്തുള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് മാലദ്വീപുകാരുടെ ചികിത്സ.