ന്യൂഡൽഹി: ലക്ഷദ്വീപിൽ പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. മിനിക്കോയ് ദ്വീപാണ് ഇതിനുവേണ്ടി പരിഗണിക്കുന്നത്. ലക്ഷദ്വീപിന്റെ വിനോദ സഞ്ചാര മേഖലയെ അഭിവൃദ്ധിപ്പെടുത്തുകയാണ് പ്രധാനമായി സർക്കാർ ലക്ഷ്യമിടുന്നതെങ്കിലും യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള സൈനിക വിമാനങ്ങൾക്കും യാത്രാവിമാനങ്ങൾക്കും പറന്നിറങ്ങാനും പറന്നുയരാനുമുള്ള സൗകര്യം വിമാനത്താവളത്തിലുണ്ടാകും. സൈനിക-വാണിജ്യ വ്യോമഗതാഗതം സാധ്യമാകുന്ന വിമാനത്താവളമായിരിക്കും മിനിക്കോയിൽ നിർമിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

മിനിക്കോയ് ദ്വീപിൽ വിമാനത്താവളം നിർമിക്കാനുള്ള നിർദേശങ്ങൾ നേരത്തെ തന്നെ കേന്ദ്രസർക്കാരിന് മുന്നിലുണ്ടെങ്കിലും സൈനിക ആവശ്യങ്ങൾക്കുകൂടി ഉപയോഗപ്പെടുന്ന വിധത്തിൽ വ്യോമത്താവളം നിർമിക്കാനുള്ള തീരുമാനം സർക്കാർ അടുത്തിടെയാണ് കൈക്കൊണ്ടത്. പദ്ധതി സർക്കാരിന്റെ പ്രാഥമിക പരിഗണനകളിൾ ഉൾപ്പെട്ടിട്ടുണ്ടെന്നും നിർമാണം സംബന്ധിച്ചുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നുമാണ് ഔദ്യോഗിക വിവരം.

ലക്ഷദ്വീപിൽ വ്യോമത്താവളം വരുന്നതിലൂടെ അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രം തുടങ്ങിയ സമുദ്ര മേഖലകളിലെ സൈനിക നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. പ്രതിരോധ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന കോസ്റ്റ് ഗാർഡിന്റെ ഭാഗത്തുനിന്നാണ് മിനിക്കോയിൽ വ്യോമത്താവളം നിർമിക്കാനുള്ള നിർദേശം ആദ്യമുയർന്നത്. മിനിക്കോയിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നടപടികൾ ഇന്ത്യൻ വ്യോമസേന ആരംഭിച്ചുകഴിഞ്ഞു.നിലവിൽ അഗത്തിയിലാണ് ദ്വീപിൽ വിമാനത്താവളമുള്ളത്. എന്നാൽ സൗകര്യങ്ങൾ പരിമിതമായതിനാൽ എല്ലാതരത്തിലുള്ള വിമാനങ്ങൾക്കും അഗത്തിയിൽ ഇറങ്ങാനാകില്ല.