ന്യൂഡല്‍ഹി: റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മേധാവിയായി ഒരു വനിതയെ നിയമിക്കണമെന്ന് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. ലൈംഗികാരോപണവിധേയനായ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ കുടുംബാംഗങ്ങള്‍ ആരും ഡബ്ല്യുഎഫ്ഐയില്‍ ഉണ്ടാകരുതെന്നും ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ അവര്‍ ആവശ്യപ്പെട്ടു. ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണെ ജൂണ്‍ 9 ന് മുമ്പ് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട ശേഷമാണ് താരങ്ങൾ മടങ്ങിയത്. ശനിയാഴ്ച വൈകിട്ട് അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയില്‍ ആരംഭിച്ച ചര്‍ച്ച രാത്രി വരെ നീണ്ടുനിന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. 

അതേസമയം കൂടിക്കാഴ്ച അനിശ്ചിതത്വത്തിലാണെന്നും ആഭ്യന്തര മന്ത്രിയില്‍ നിന്ന് ഞങ്ങള്‍ക്ക് വേണ്ട പ്രതികരണം ലഭിച്ചില്ലെന്നും ഗുസ്തി താരം സാക്ഷി മാലിക്കിന്റെ ഭര്‍ത്താവ് സത്യവ്രത് കാഡിയന്‍ പറഞ്ഞു. ഞങ്ങള്‍ ആഗ്രഹിച്ച പ്രതികരണം ലഭിക്കാത്തതിനാല്‍ ഞങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങി വരികയായിരുന്നു. ഞങ്ങള്‍ പിന്നോട്ട് പോകില്ല. പ്രതിഷേധം അതിന്റെ അടുത്തഘട്ടത്തിലേക്ക് പോകുമെന്നും കാഡിയന്‍ വ്യക്തമാക്കി.

നേരത്തെ ഗുസ്തിക്കാര്‍ തങ്ങളുടെ മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യാന്‍ ഹരിദ്വാറിലേക്ക് പോയിരുന്നു. എന്നാല്‍ നരേഷ് ടികായത് അടക്കമുള്ള കര്‍ഷക സംഘടനാ നേതാക്കളുടെ ഇടപെടലില്‍ അവര്‍ തീരുമാനം മാറ്റി. ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് അമിത് ഷാ യുമായുള്ള കൂടിക്കാഴ്ച. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ജൂണ്‍ ഒമ്പതിന് മുമ്പ് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയാണ് താരങ്ങളുടെ ഇറങ്ങി വരവ്. അതെ സമയം, അമിത് ഷായെ കാണുന്നതിന് മുമ്പ് താരങ്ങള്‍ കായിക മന്ത്രി അനുരാഗ് താക്കൂറുമായും കൂടിക്കാഴ്ച നടത്തി. അവരുടെ ആരോപണങ്ങളില്‍ ന്യായമായ അന്വേഷണം നടത്തുമെന്ന് താക്കൂര്‍ വാഗ്ദാനം ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ആരോപിച്ച് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തിക്കാര്‍ പ്രതിഷേധത്തിലാണ്. നിലവില്‍ ബ്രിജ് ഭൂഷണെതിരെ രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, യുപിയിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് എല്ലാ ആരോപണങ്ങളും നിഷേധിച്ചു. പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.