ഭുവനേശ്വർ: ഒഡിഷയിലെ ബാലസോറിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരിൽ 101 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞില്ല. 275 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടം നടന്ന് നാല് ദിവസമാകുമ്പോഴേക്കും മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയിട്ടുണ്ട്. ബാലസോറിൽ അപകടം നടന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള സ്കൂളിലാണ് മൃതദേഹങ്ങൾ നിരത്തിയിട്ടിരിക്കുന്നത്. ​ഫ്രീസർ സൗകര്യങ്ങളൊന്നുമില്ലാതെ ചൂടുകൂടിയ കാലാവസ്ഥയിൽ കഴിയുന്ന മൃതദേഹങ്ങൾ അതിവേഗമാണ് അഴുകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ട്രെയിൻ അപകടത്തിൽ 1,100 പേർക്ക് പരിക്കേറ്റിരുന്നു. അതിൽ 900 പേർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. 200ഓളം പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ച 278 പേരിൽ 101 പേരുടെ മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല – ഈസ്റ്റേൺ സെൻട്രൽ റെയിൽവേയുടെ ഡിവിഷണൽ റെയിൽവേ മാനേജർ റിൻകേഷ് റോയ് പറഞ്ഞു.

ഭുവനേശ്വറിൽ സൂഷിച്ച 193 മൃതദേഹങ്ങളിൽ 80 എണ്ണം തിരിച്ചറിഞ്ഞു. 55 എണ്ണം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനനുസരിച്ച് ബന്ധുക്കൾക്ക് കൈമാറും.