ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയക്ക് ജാമ്യം. ഭാര്യയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് സ്വന്തം വസതിയിലെത്തി കാണാന്‍ അനുമതി ലഭിച്ചത്. ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യ കാലയളവില്‍ അദ്ദേഹം വീട്ടുതടങ്കലില്‍ തുടരുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ന് രാവിലെ തന്നെ സിസോദിയ ജയിലില്‍ നിന്ന് മഥുര റോഡിലെ വസതിയിലെത്തി. സിസോദിയ മാധ്യമങ്ങളുമായോ കുടുംബാംഗങ്ങളൊഴികെ മറ്റാരുമായും ആശയവിനിമയം നടത്തരുതെന്നും ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെ സിസോദിയയുടെ ഭാര്യയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിനെയും കേന്ദ്ര നാഡീവ്യൂഹത്തെയും തളർത്താൻ സാധ്യതയുള്ള മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്ന രോഗത്തിന് ചികിത്സയിലാണ് അവർ.

ഫെബ്രുവരി 26 നാണ് സിസോദിയയെ സിബിഐ ആദ്യം അറസ്റ്റ് ചെയ്തത്. സിബിഐ കേസില്‍ മെയ് 30ന് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. മാര്‍ച്ച് 9 ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ കേസില്‍ അറസ്റ്റിലായ അദ്ദേഹം ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.