ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രമാണ് ചർച്ചയാകുന്നത്. നിർമാണം പുരോഗമിക്കുന്ന കോച്ചിന്റെ ഉൾവശത്ത് നിന്നെടുത്ത ചിത്രമാണ് മന്ത്രി ട്വിറ്ററിൽ പങ്കുവെച്ചത്. എന്നാൽ ഏത് ട്രെയിനിന്റെ
ചിത്രമാണ് ഇത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എവിടെനിന്നുള്ള ചിത്രമാണ് ഇതെന്ന് കണ്ടെത്താനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

ഉത്തരത്തിലേക്കുള്ള സൂചനയും അദ്ദേഹം ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. ‘ജാക്ക് ആൻഡ് ജിൽ വെന്റ് അപ് ദി ഹിൽ’ എന്നായിരുന്നു അദ്ദേഹം നൽകിയ സൂചന.

വലിയ ജനാലകളോടു കൂടി ഇരുവശത്തും ഓരോ സീറ്റുകൾ വീതമുള്ള നീണ്ട കോച്ചാണ് ചിത്രത്തിലുള്ളത്. സൂചന പിന്തുടർന്ന പലരും എത്തിച്ചേർന്നത് കൽക – ഷിംല റൂട്ടിലേക്കാണ്. ഈ റൂട്ടിലുള്ള ടോയ് ട്രെയിനിലെ പുതിയ കോച്ചാണ് ഇതെന്നാണ് പല ഉപയോക്താക്കളും അവകാശപ്പെടുന്നത്.

കപൂർത്തലയിലെ ആർ.സി.എഫ്. (Rail Coach Factory), കൽക്ക – ഷിംല ട്രാക്കിൽ കൂടി വലിയ ജനാലകളുള്ള, ഗ്ലാസ് റൂഫോടുകൂടിയുള്ള നാല് പുതിയ കോച്ചുകൾ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു റെയിൽവേ മന്ത്രിയുടെ ട്വീറ്റ്.

അതേസമയം ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ കൂടി ഓടുന്ന ട്രെയിനിന്റെ ദുരവസ്ഥ കൂടി പലരും കമന്റുകളായി രേഖപ്പെടുത്തുന്നുണ്ട്. തിങ്ങിഞെരുങ്ങി യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളും ട്വീറ്റിന് താഴെ ആളുകൾ കമന്റുകളായി രേഖപ്പെടുത്തുന്നുണ്ട്. ‘ഇന്ത്യൻ റെയിവേയിലെ ദിവസവും കാണുന്ന സാചര്യം ഇതാണ്’ എന്ന് ചൂണ്ടിക്കാട്ടി കമന്റും ഉണ്ട്.