ലാല്‍ സിംഗ് ഛദ്ദ’ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട് ഒമ്പത് മാസങ്ങള്‍ പിന്നിട്ടിട്ടും താന്‍ ഇതുവരെ ഒരു സിനിമ ചെയ്യാന്‍ തക്ക മനസ്സൊരുക്കത്തിലായിട്ടില്ലെന്ന് ആമിര്‍ ഖാന്‍ . ‘കാരി ഓണ്‍ ജട്ട 3′ എന്ന പഞ്ചാബി സിനിമയുടെ ഗ്രാന്‍ഡ് ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കവെയാണ് താരം തന്റെ അവസ്ഥയെക്കുറിച്ച് സംസാരിച്ചത്.

ഇപ്പോള്‍ സിനിമയൊന്നും ചെയ്യാന്‍ തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു, ഇനി വൈകാരികമായി തയ്യാറെടുക്കുമ്പോള്‍ ഞാന്‍ ഒരു സിനിമ ചെയ്യും,അതുറപ്പാണ്,’ അദ്ദേഹം പറഞ്ഞു.

ഇനി സിനിമ പ്രഖ്യാപിക്കാന്‍ കുറഞ്ഞത് ഒന്നര വര്‍ഷമെടുക്കുമെന്ന് ആമിര്‍ പറഞ്ഞു, കാരണം ഇപ്പോള്‍, കരിയറിനെക്കാള്‍ കുടുംബത്തിന് മുന്‍ഗണന നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നത്. സലാം വെങ്കി എന്ന ചിത്രത്തിലാണ് ആമിര്‍ അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘ലാല്‍ സിംഗ് ഛദ്ദ’ എന്ന ചിത്രം ബോക്സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു.

ആമിറിന്റെ അടുത്ത ചിത്രത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു തെന്നിന്ത്യന്‍ താരത്തിന്റെ സിനിമയില്‍ അഭിനയിക്കുമെന്ന് പറഞ്ഞിരുന്നു. 2018 ലെ സ്പാനിഷ് ബ്ലോക്ക്ബസ്റ്റര്‍ ‘കാംപിയോണ്‍സ്’ (ഇംഗ്ലീഷ് വിവര്‍ത്തനം: ചാമ്പ്യന്‍സ്) ന്റെ റീമേക്കില്‍ ആമിര്‍ അഭിനയിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.