ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവാദങ്ങള്‍ ഒഴിയുന്നില്ല. ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയിലെ പഴയ പാര്‍ലമെന്റില്‍ നിന്ന് പകര്‍ത്തിയതാണ് ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് ഹൗസെന്ന് ടിഎംസി എംപി ജവഹര്‍ സര്‍ക്കാരും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും ആരോപിച്ചു. മന്ദിരത്തിന്റെ രൂപരേഖയുമായി ബന്ധപ്പെട്ട് ആര്‍ജെഡിയും വിവാദ ട്വീറ്റ് ചെയ്തിരുന്നു.നേരത്തെ പുതിയ പാര്‍ലമെന്റ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭൂരിഭാഗം പ്രതിപക്ഷ പാര്‍ട്ടികളും പരിപാടി ബഹിഷ്‌കരിച്ചിരുന്നു.

മോദിയുടെ ഗുജറാത്തില്‍ നിന്നുള്ള ‘പെറ്റ്’ ആര്‍ക്കിടെക്റ്റ് സോമാലിയയിലെ പഴയ പാര്‍ലമെന്റിന്റെ രൂപരേഖ പകര്‍ത്തിയതിന് 230 കോടി രൂപ ഈടാക്കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി ജവഹര്‍ സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു. ‘സൊമാലിയ അതിന്റെ പഴയ പാര്‍ലമെന്റിനെ ഉപേക്ഷിച്ചു, അത് പുതിയ ഇന്ത്യക്ക് പ്രചോദനമാണ്! മോദിയുടെ മെഗാ കരാറുകള്‍ (അഹമ്മദാബാദ്, വാരണാസി, ഡല്‍ഹി പാര്‍ലമെന്റ് + സെന്‍ട്രല്‍ വിസ്റ്റ) എപ്പോഴും നേടുന്ന ഗുജറാത്തില്‍ നിന്നുള്ള പെറ്റ് ആര്‍ക്കിടെക്റ്റ്  ‘മത്സര ബിഡ്ഡിംഗിലൂടെ’ സൊമാലിയയുടെ ഡിസൈന്‍ പകര്‍ത്തിയതിന് 230 കോടി ഈടാക്കി’, അദ്ദേഹം പരിഹസിച്ചു.

ജവഹര്‍ സര്‍ക്കാരിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് എംപി ദിഗ്വിജയ് സിംും ആരോപണം ആവര്‍ത്തിച്ചു. ട്വീറ്റില്‍ പ്രധാനമന്ത്രിയെ ടാഗ് ചെയ്യുകയും സൊമാലിയ നിരസിച്ച പാര്‍ലമെന്റ് മന്ദിരം നമ്മുടെ പ്രധാനമന്ത്രിക്ക് പ്രചോദനമാണെന്ന് വിശ്വസിക്കാമോ എന്ന് അദ്ദേഹം എഴുതി.കോപ്പിയടി ആര്‍ക്കിടെക്റ്റില്‍ നിന്ന് 230 കോടി രൂപ വീണ്ടെടുക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.

നേരത്തെ, രാഷ്ട്രീയ ജനതാദളും ഇതിന്റെ രൂപരേഖ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിച്ച ആര്‍ജെഡി ട്വീറ്റിലൂടെ അതെന്താണെന്ന് ചോദിച്ചു. എന്നാല്‍, പിന്നീട് ട്വീറ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതായി ആര്‍ജെഡിയില്‍ നിന്ന് വിശദീകരണം വന്നു. ജനാധിപത്യം ശവപ്പെട്ടിയില്‍ അടച്ച് ഉദ്ഘാടനം ചെയ്യപ്പെടുകയാണെന്ന് ആര്‍ജെഡി ട്വീറ്റിലൂടെ ചോദിച്ചിരുന്നു. എന്നാല്‍ ഈ ട്വീറ്റ് നിങ്ങളുടെ രാഷ്ട്രീയത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയായിരിക്കുമെന്ന് തെളിയിക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.