ചെന്നൈ: തമിഴ്നാട് വൈദ്യുതി മന്ത്രി വി.സെന്തിൽ ബാലാജിയുമായി ബന്ധമുള്ളവരുടെ വസതികളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കാരൂർ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലെ വീടുകളിലാണ് റെയ്ഡ് നടക്കുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

മന്ത്രിയുടെ അടുത്ത ബന്ധുക്കളുടെയും ചില കോൺട്രാക്ടർമാരുടെയും വീടുകളിലാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കാരൂരിലെ ബാലാജിയുടെ സഹോദരൻ അശോകിന്റെ വീട്ടിൽ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ഡിഎംകെ പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഉദ്യോഗസ്ഥർ എത്തിയ കാർ ബാലാജിയുടെ അനുയായികൾ തകർത്തു. ഡിഎംകെയുടെ മുതിർന്ന നേതാവായ സെന്തിൽ ബാലാജി തമിഴ്‌നാട്‌ എക്‌സൈസ്‌, വൈദ്യുതി മന്ത്രിയാണ്.

ഒരു മാസം മുൻപ് തമിഴ്‌നാട്ടിലെയും കർണാടകയിലെയും റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ജി സ്‌ക്വയർ റിയൽറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട 50 സ്ഥലങ്ങളിൽ ഐ-ടി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ മാസമാദ്യം ഡിഎംകെ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ വിശദാംശങ്ങളടങ്ങിയ ഫയലുകൾ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ പുറത്തുവിട്ടിരുന്നു. അതേസമയം, കമ്പനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.