ഗേറ്റ് പൂട്ടിക്കിടക്കുന്ന വീടുകൾ നിരീക്ഷിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. വിളപ്പിൽശാല പുന്നശേരിയിൽ  താമസിക്കുന്ന തമ്പാനൂർ രാജാജി നഗർ സ്വദേശി കള്ളൻ കുമാർ എന്ന അനിൽകുമാറാണ് പോലീസ് പിടിയിലായത്.  

പട്ടത്തും വലിയശാലയിലും വീടുകൾ കുത്തിത്തുറന്ന് 21.5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും രണ്ടര ലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയാണ്.  ഗേറ്റ് പൂട്ടിക്കിടക്കുന്ന വീടുകൾ നിരീക്ഷിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 20 ഓളം മോഷണ കേസുകളിൽ പ്രതിയാണ്. 13-ാം വയസില്‍ മോഷണം തുടങ്ങിയതാണ്. തിരുവനന്തപുരം  മെഡിക്കല്‍ കോളേജ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

പട്ടത്ത് ആരോഗ്യവകുപ്പ് റിട്ട.ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടിൽ നിന്ന് 45.5 പവൻ സ്വർണാഭരണങ്ങളും 1.80 ലക്ഷം രൂപയും, വലിയശാലയിലെ ബീനയുടെ വീട്ടിൽ നിന്ന് അരലക്ഷം രൂപ വിലവരുന്ന ഹോങ്കോംഗ് ഡോളറുകളും 30,000 രൂപയും മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. മോഷണശേഷം ഒളിവിൽ കഴിഞ്ഞ വിളപ്പിൽശാലയിലെ വീട്ടിൽ നിന്ന് മുഴുവൻ ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. ആള്‍വാസമില്ലാത്ത വീടിനുള്ളിൽ കുഴിയെടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മോഷണ വസ്തുക്കൾ എന്നാണ് റിപ്പോർട്ട്. 18ന് രാത്രി 7നാണ് വലിയശാലയിൽ ആളില്ലാത്ത വീടിന്റെ വാതിൽ കുത്തിത്തുറന്ന് അരലക്ഷം രൂപ വിലവരുന്ന ഹോങ്കോംഗ് ഡോളറുകളും 30,000 രൂപയും വിദേശത്തു നിന്ന് കൊണ്ടുവന്ന പുരാവസ്തുക്കളും കവർന്നത്.

തിങ്കളാഴ്ച രാവിലെ റിട്ട. ഉദ്യോഗസ്ഥരായ ദമ്പതികൾ വീട് പൂട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം. മതിൽ ചാടിക്കടന്ന പ്രതി അടുക്കള ഭാഗത്തെ വാതിൽ തകർത്ത് അകത്തുകയറി ഒന്നാം നിലയിലെ മുറിയുടെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.